---
title: "ലോകകപ്പ് ഫൈനലിന് പവർ കട്ട് ഇല്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "No Power Cut on World Cup Final Day, Kerala to Buy Extra Power Says Minister Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372937/world-cup-final-no-power-cut-kerala-extra-power-sunny-joseph"
published_at: "2026-07-17T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e967e5053_1000221350.jpg"
keywords: ["World Cup Final", "Kerala Power Crisis", "Sunny Joseph", "KSEB"]
---

# ലോകകപ്പ് ഫൈനലിന് പവർ കട്ട് ഇല്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: **ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന ഞായറാഴ്ച സംസ്ഥാനത്ത് പവർ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മത്സരം കാണുന്നതിന് ആവശ്യമായ അധിക വൈദ്യുതി ഉയർന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുമെന്ന് മന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന ഞായറാഴ്ച സംസ്ഥാനത്ത് പവർ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മത്സരം കാണുന്നതിന് ആവശ്യമായ അധിക വൈദ്യുതി ഉയർന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനം നേരിടുന്നത് വലിയ വൈദ്യുതി പ്രതിസന്ധിയാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ എന്നും മന്ത്രി പറഞ്ഞു. പകൽ സമയത്ത് അധിക വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ല. എന്നാൽ രാത്രിയിലെ പീക്ക് സമയത്താണ് കുറവ് കൂടുതലായുള്ളത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.എസ്.ഇ.ബിയും വൈദ്യുതി വകുപ്പും വിശദീകരിച്ചു. നിയന്ത്രണം ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയത്ത് 1200 മെഗാവാട്ടിലധികം വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റായിരുന്നെങ്കിൽ ഇത്തവണ അത് 78 ദശലക്ഷമായി ഉയർന്നു. അണക്കെട്ടുകളിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ട്. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും സർക്കാരിനുണ്ട്.

പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും പീക്ക് സമയത്തെ നിയന്ത്രണത്തിന് കാരണമായി. പീക്ക് സമയത്ത് 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ട്.

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ആലോചനയും നടക്കുന്നുണ്ട്. 25 വർഷത്തേക്ക് സെക്കിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372937/world-cup-final-no-power-cut-kerala-extra-power-sunny-joseph)