---
title: "വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി"
english_title: "Student Bus Concession in Kerala from 7 AM to 7 PM; Action Against Violators"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372992/kerala-student-bus-concession-timing-7am-to-7pm-kannur"
published_at: "2026-07-17T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a0b18dc3c3_1000221411.jpg"
keywords: ["Student Concession", "Kannur Collector", "RTO"]
---

# വിദ്യാർഥി ബസ് കൺസഷൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; നൽകാത്തവർക്കെതിരെ നടപടി

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിച്ച യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണെന്ന് സ്റ്റുഡന്റ്സ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിച്ച യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണെന്ന് സ്റ്റുഡന്റ്സ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി വ്യക്തമാക്കി.

ഈ സമയത്ത് യാത്രാപാസ് കൈവശമുള്ള വിദ്യാർഥികൾക്ക് നിർബന്ധമായും കൺസഷൻ അനുവദിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.

വെള്ളിയാഴ്ച ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 മണിക്ക് ശേഷം ചില സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കാത്ത പ്രശ്നം യോഗത്തിൽ ചർച്ചയായി. വിദ്യാർഥി പ്രതിനിധികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പുതായി ജോലിയിൽ പ്രവേശിക്കുന്ന ബസ് കണ്ടക്ടർമാർക്ക് കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലായ്മയുണ്ടാകാമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഇക്കാര്യത്തിൽ കണ്ടക്ടർമാർക്ക് ബോധവൽക്കരണം നടത്തുമെന്നും അവർ അറിയിച്ചു.

യോഗത്തിൽ വിവിധ പരാതികളും ഉയർന്നു. താഴെ ചൊവ്വ ബസ് സ്റ്റോപ്പിൽ ചില ബസുകൾ നിർത്തുന്നില്ലെന്നും ഇത് എസ്.എൻ കോളേജ്, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരാതിയായി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ബസ് സ്റ്റോപ്പിൽ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും നിർത്താറില്ലെന്നും വിദ്യാർഥികൾ അറിയിച്ചു.

ഏതൊക്കെ ബസുകളാണ് നിശ്ചിത സ്റ്റോപ്പുകളിൽ നിർത്താത്തതെന്ന് കൃത്യമായ വിവരം ലഭിച്ചാൽ ആർ.ടി.ഒ തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

യോഗത്തിൽ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഇ.എസ്. ഉണ്ണികൃഷ്ണൻ, ജോയിന്റ് ആർ.ടി.ഒ കെ. വിനോദ് കുമാർ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, കെ.എസ്.ആർ.ടി.സി പ്രതിനിധികൾ, വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികൾ, കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പാരലൽ കോളേജ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372992/kerala-student-bus-concession-timing-7am-to-7pm-kannur)