---
title: "ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി"
english_title: "Kerala PSC 10th Level Preliminary Exam Cancelled Due to Question Paper Mix-up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373180/kerala-psc-10th-level-exam-cancelled-question-paper-mistake"
published_at: "2026-07-18T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b3e9de650f_1000221481.jpg"
keywords: ["Kerala PSC", "PSC Exam Cancelled", "Last Grade Servant"]
---

# ചോദ്യപേപ്പർ മാറി നൽകി; പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം: **കേരള പി.എസ്.സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് ഇന്ന് നടത്താനിരുന്ന പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സർവന്റ്, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയാണ് റദ്ദാക്കിയത്.

## Article Content

**തിരുവനന്തപുരം: **കേരള പി.എസ്.സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് ഇന്ന് നടത്താനിരുന്ന പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സർവന്റ്, സ്റ്റോർമാൻ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയാണ് റദ്ദാക്കിയത്.

രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ തന്നെ നൽകിയതാണ് റദ്ദാക്കാൻ കാരണം.

ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആദ്യം റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് മറ്റ് ജില്ലകളിലും സമാനമായ പിഴവ് സംഭവിച്ചതായി വ്യക്തമായി. എല്ലാ ജില്ലകളിൽ നിന്നും ചോദ്യപേപ്പർ മാറിയതായി റിപ്പോർട്ടുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് പി.എസ്.സി പരീക്ഷ റദ്ദാക്കിയത്.

സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയതായി പി.എസ്.സി ഔദ്യോഗികമായി അറിയിച്ചു. ചോദ്യപേപ്പർ വിതരണത്തിൽ പറ്റിയ പിഴവാണ് റദ്ദാക്കലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിശദീകരണവുമായി പി.എസ്.സി രംഗത്തെത്തി. ആലപ്പുഴയിലെ ഒരു കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറിപ്പോയെന്നും കമ്പനി, കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികകൾ ഉൾപ്പെടെയുള്ള പരീക്ഷയാണ് റദ്ദാക്കിയതെന്നും പി.എസ്.സി വ്യക്തമാക്കി.

പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു. പരീക്ഷയ്ക്ക് എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് അവസാന നിമിഷ റദ്ദാക്കൽ മൂലം പ്രതിസന്ധിയിലായത്. ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്നും വിതരണ പിഴവ് മാത്രമാണെന്നും പി.എസ്.സി അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373180/kerala-psc-10th-level-exam-cancelled-question-paper-mistake)