---
title: "വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു ; കെ. കൃഷ്ണൻകുട്ടി"
english_title: "Power Crisis in Kerala Due to Govt Planning Failure: K Krishnankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373188/kerala-power-crisis-krishnankutty-kseb-night-cut"
published_at: "2026-07-18T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b46663817b_1000221500.jpg"
keywords: ["Kerala Power Cut", "KSEB", "K Krishnankutty", "Load Shedding"]
---

# വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു ; കെ. കൃഷ്ണൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി.

2023-ലാണ് സംസ്ഥാനത്ത് ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടായത്. അന്ന് കൂടുതൽ വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്. പ്രതികൂല സാഹചര്യമുണ്ടായിട്ടും അന്ന് സംസ്ഥാനത്ത് വ്യാപകമായി ലോഡ്ഷെഡിംഗ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

> "അന്ന് സാധിക്കുന്ന ഇടങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങിയിരുന്നു. നിലവിലെ പ്രതിസന്ധി മുൻകൂട്ടി കണക്കിലെടുത്ത് വൈദ്യുതി വാങ്ങാമായിരുന്നു" കെ. കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. കറന്റ് പോയാൽ തന്റെ ഫോണിലേക്ക് നിരവധി കോളുകൾ വരുന്നുണ്ടെന്നും ഗൂഗിളിൽ ഇപ്പോഴും തന്റെ നമ്പറാണ് ഉള്ളതെന്നും അത് മാറ്റണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോർഡ് ഉയർന്നതോടെ രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. പീക്ക് അവേഴ്സിൽ സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ ദൗർലഭ്യമാണുള്ളത്.

രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെയുള്ള നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. എന്നാൽ ലോകകപ്പ് ഫൈനൽ മത്സര സമയത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പ് നൽകി.

അപ്രഖ്യാപിത പവർകട്ട് മൂലം പാലക്കാട് ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം ഉൾപ്പെടെ കടുത്ത ജനരോഷം നിലനിൽക്കെയാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തെ കെ.എസ്.ഇ.ബി ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റാന്തൽ വിളക്കേന്തി മാർച്ച് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373188/kerala-power-crisis-krishnankutty-kseb-night-cut)