---
title: "വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "Power Crisis in Kerala: Minister Sunny Joseph Blames Cancellation of Long Term Agreement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373359/kerala-power-crisis-minister-sunny-joseph-long-term-agreement"
published_at: "2026-07-19T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c9d370404b_1000221776.jpg"
keywords: ["Sunny Joseph", "Electricity Shortage", "KSEB"]
---

# വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിൽ ഒന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിൽ ഒന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.

> പകൽ സമയത്ത് സംസ്ഥാനത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ടെന്നും എന്നാൽ രാത്രിയിലാണ് ആവശ്യം കൂടുന്നതെന്നും മന്ത്രി വ്യക്തമാക്കി. "പകൽ ഒരു രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയിൽ പത്ത് രൂപയ്ക്ക് വാങ്ങേണ്ടി വരുന്നു. ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്" എന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വലിയ വേനൽക്കാലത്ത് വായ്പയായി വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരികെ നൽകിക്കൊണ്ടിരിക്കുകയാണെന്നും അതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ സംസ്ഥാനം പകലും രാത്രിയും പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ നിർബന്ധിതരായ അവസ്ഥയിലാണ്.

> വൈദ്യുതി മേഖലയിലെ സമരങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞത് ദീർഘകാല കരാർ റദ്ദാക്കിയ പിണറായി സർക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നാണ്. കരാർ പാലിക്കാനോ നടപ്പാക്കാനോ മുൻ സർക്കാർ തയാറായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എം.എം. മണിയുടെ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. "അദ്ദേഹത്തിന് ശിഷ്യപ്പെടാൻ ആഗ്രഹമില്ല. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ എന്താണ് ചെയ്തത്? പിണറായി സർക്കാരിന്റെ കാലത്ത് ഏപ്രിലിൽ പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു" എന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ലോകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിന് വേണ്ട ക്രമീകരണങ്ങൾ വൈദ്യുതി വകുപ്പ് നടത്തുമെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കെഎസ്‌യു-മുഖ്യമന്ത്രി വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ പുറത്തുപറയുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും, ഉള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373359/kerala-power-crisis-minister-sunny-joseph-long-term-agreement)