---
title: "നിതിൻ രാജ് മരണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവ്"
english_title: "Nitin Raj Death Case: Kerala Home Minister Orders Fresh Probe, Main Accused Dr MK Ram Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373507/nitin-raj-death-case-special-team-dr-mk-ram-arrested"
published_at: "2026-07-20T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ddc69d6573_1000222090.jpg"
keywords: ["Nitin Raj Case", "Kerala Crime Branch", "Ramesh Chennithala"]
---

# നിതിൻ രാജ് മരണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ആർ.എൽ. നിതിൻ രാജിന്റെ ദുരൂഹ മരണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിതിൻ രാജിന്റെ കുടുംബം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിർണായക തീരുമാനം.

## Article Content

**കണ്ണൂർ: **കണ്ണൂർ ആർ.എൽ. നിതിൻ രാജിന്റെ ദുരൂഹ മരണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിതിൻ രാജിന്റെ കുടുംബം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിർണായക തീരുമാനം.

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം കൂടിക്കാഴ്ചയിൽ മന്ത്രിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഐ.ജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേസ് അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകിയത്.

കുടുംബത്തിന്റെ ആവശ്യം മന്ത്രി കേട്ടതായും നിയമപോരാട്ടം തുടരുമെന്നും നിതിൻ രാജിന്റെ അച്ഛൻ രാജൻ പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച തീരുമാനത്തെ കുടുംബം സ്വാഗതം ചെയ്തു.

അതിനിടെ കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാം ഇന്ന് പിടിയിലായി. നിതിൻ രാജ് ജീവനൊടുക്കിയതിന് പിന്നാലെ ഒളിവിൽ പോയ റാമിനെ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മൂന്ന് മാസത്തോളമായി ഒളിവിലായിരുന്ന അദ്ദേഹത്തെ ഇന്ന് പുലർച്ചെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് തടഞ്ഞത്.

മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കീഴടങ്ങാൻ കണ്ണൂരിലേക്ക് വരികയായിരുന്നു റാം എന്നാണ് വിവരം. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373507/nitin-raj-death-case-special-team-dr-mk-ram-arrested)