---
title: "സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ; 8 മരണം, 27 പേർ കുടുങ്ങിക്കിടക്കുന്നു"
english_title: "Sikkim Tunnel Collapse: 8 Dead, 27 Trapped in Samardung Tunnel Gas Leak"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373691/sikkim-samardung-tunnel-collapse-8-dead-27-trapped-methane-leak"
published_at: "2026-07-21T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f1c3d07e3c_1000185612.jpg"
keywords: ["Sikkim", "Tunnel Collapse", "Samardung"]
---

# സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ; 8 മരണം, 27 പേർ കുടുങ്ങിക്കിടക്കുന്നു

> **Lead Summary:** **ഗാങ്ടോക്ക്**: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലും വാതകച്ചോർച്ചയിലും 8 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

## Article Content

**ഗാങ്ടോക്ക്**: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലും വാതകച്ചോർച്ചയിലും 8 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് അപകടമുണ്ടായത്. തീസ്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകം ചോർന്നുവെന്ന സംശയമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും രണ്ടു തവണ തുരങ്കത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അപകടകരമായ സാഹചര്യത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നു എന്ന് നംചി ജില്ലാ കലക്ടർ അനുപ ടാംലിങ് പറഞ്ഞു.

തുരങ്കത്തിനുള്ളിൽ 27 പേരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 19 പേർ നിർമാണത്തൊഴിലാളികളാണ്. തുരങ്കത്തിന്റെ നിർമാണമേറ്റെടുത്ത പട്ടേൽ എൻജിനീയറിങ് കമ്പനിയിൽ നിന്നുള്ള 3 ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി അകത്ത് കടന്നിരുന്നു. ഇതിൽ 2 പേരും കുടുങ്ങി. എൻഎച്ച്പിസിയുടെ 6 ജീവനക്കാരും അകത്തുണ്ടെന്നാണ് വിവരം.

തുരങ്കത്തിനുള്ളിൽ മീഥെയ്നിന്റെ അളവ് വളരെ കൂടുതലായതിനാൽ രക്ഷാപ്രവർത്തകർക്ക് അകത്തേക്ക് കടക്കാൻ കഴിയുന്നില്ല. ആദ്യം എത്തിയ എൻഡിആർഎഫ് സംഘത്തിന് ശ്വാസതടസവും അസ്വസ്ഥതയും നേരിട്ടതിനെ തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് രണ്ടാമത്തെ സംഘമെത്തിയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. മണ്ണിടിച്ചിലിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373691/sikkim-samardung-tunnel-collapse-8-dead-27-trapped-methane-leak)