---
title: "കള്ളാടി മണ്ണിടിച്ചിൽ: വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലം സന്ദർശിക്കും"
english_title: "Priyanka Gandhi to Visit Kalladi Landslide Site in Wayanad on Friday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373715/priyanka-gandhi-kalladi-landslide-visit-wayanad"
published_at: "2026-07-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f2e3716c07_1000222287.jpg"
keywords: ["Priyanka Gandhi", "Kalladi Landslide", "Tunnel Accident"]
---

# കള്ളാടി മണ്ണിടിച്ചിൽ: വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലം സന്ദർശിക്കും

> **Lead Summary:** **വയനാട്: **കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തസ്ഥലം വയനാട് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച സന്ദർശിക്കും. ദുരന്തസ്ഥലം കാണുന്നതിന് പുറമെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.

## Article Content

**വയനാട്: **കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തസ്ഥലം വയനാട് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച സന്ദർശിക്കും. ദുരന്തസ്ഥലം കാണുന്നതിന് പുറമെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.

ഈ മാസം 7നാണ് കള്ളാടിയിൽ തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വലിയ തോതിൽ മണ്ണിടിഞ്ഞത്. അപകടത്തിൽ 8 പേർ മരിച്ചു. എംപി ആയിട്ടും ഇതുവരെ ദുരന്തസ്ഥലം സന്ദർശിക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾ പ്രിയങ്കയെ വിമർശിച്ചിരുന്നു.

അതേസമയം, ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നും നൽകിയിട്ടില്ല. ദുരന്തത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലിൽ പരിക്കേറ്റ പാൽരാജും ഭാര്യ കൂടമ്മാളും തങ്ങൾക്ക് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. ജോലിക്ക് പോകാൻ കഴിയുന്നില്ല. ആരോഗ്യപ്രശ്നങ്ങളുണ്ട്. സർക്കാർ സഹായത്തിനായി കാത്തിരിക്കുകയാണെന്ന് ദമ്പതികൾ വ്യക്തമാക്കി.

കള്ളാടി ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടും ഗുണഭോക്താക്കൾക്ക് ധനസഹായം എത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് പരമാവധി 2.5 ലക്ഷം രൂപയും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. .

ദുരന്തം ഉണ്ടാകുന്നതിലും പിന്നീടുള്ള നടപടികളിലും സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സിപിഐഎം ആരോപിച്ചു. പ്രഖ്യാപിച്ച സഹായം വേഗത്തിൽ വിതരണം ചെയ്യണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373715/priyanka-gandhi-kalladi-landslide-visit-wayanad)