---
title: "തിരുവനന്തപുരം ദേവസ്വം ബോർഡിലെ ചന്ദനമരം മുറിച്ചത് മോഷണത്തിന്? അന്വേഷണം ശുപാർശ"
english_title: "Thiruvananthapuram Devaswom Board Office Sandalwood Tree Cut, Theft Suspected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373728/thiruvananthapuram-devaswom-board-sandalwood-tree-cut-theft"
published_at: "2026-07-21T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f36cbd7b82_1000222316.jpg"
keywords: ["Devaswom Board", "Sandalwood Tree", "Theft"]
---

# തിരുവനന്തപുരം ദേവസ്വം ബോർഡിലെ ചന്ദനമരം മുറിച്ചത് മോഷണത്തിന്? അന്വേഷണം ശുപാർശ

> **Lead Summary:** **തിരുവനന്തപുരം: **നന്ദൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം അബദ്ധത്തിൽ മുറിച്ചതല്ലെന്ന സംശയം അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ. മരം മുറിച്ചുമാറ്റിയത് മോഷ്ടിച്ച് കടത്താനായിരിക്കാമെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.

## Article Content

**തിരുവനന്തപുരം: **നന്ദൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം അബദ്ധത്തിൽ മുറിച്ചതല്ലെന്ന സംശയം അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ. മരം മുറിച്ചുമാറ്റിയത് മോഷ്ടിച്ച് കടത്താനായിരിക്കാമെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്റീന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ മൈലാഞ്ചി മരമാണെന്ന് തെറ്റിദ്ധരിച്ചാണ് ചന്ദനമരം മുറിച്ചതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അസിസ്റ്റന്റ് കമ്മീഷണർ വിശദമായ പരിശോധന നടത്തിയത്.

മുറിച്ച മരത്തിന്റെ തടിക്കഷ്ണങ്ങൾ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിച്ച മരവും ചില്ലകളുടെ അവശിഷ്ടങ്ങളും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മരം മുറിച്ചത് ആദ്യം കണ്ടെത്തിയ ഓവർസിയറാണ് ഇക്കാര്യം മൊഴി നൽകിയത്.

മരം മുറിച്ച കോൺട്രാക്ടറുടെ മൊഴിയിലും വൈരുദ്ധ്യമുണ്ട്. പാഴ്മരമാണെന്ന് കരുതിയാണ് മുറിച്ചതെന്ന് കോൺട്രാക്ടർ പറഞ്ഞെങ്കിലും ചില്ലകൾ വെട്ടിയ ശേഷമാണ് മരം മുറിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. പാഴ്മരങ്ങൾ മുറിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നുമില്ല. കെട്ടിടവും പരിസരവും വൃത്തിയാക്കാനുള്ള നിർദേശം മാത്രമാണ് ബോർഡ് നൽകിയത്.

ഏകദേശം 50 വർഷം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ദേവസ്വം കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373728/thiruvananthapuram-devaswom-board-sandalwood-tree-cut-theft)