---
title: "യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ വീട് കളക്ടർ സന്ദർശിച്ചു; മൃതദേഹം എത്രയും വേഗം എത്തിക്കും"
english_title: "Kasaragod Collector Visits Home of Akhil Joel Killed in Ukraine Attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373748/kasaragod-collector-visits-akhil-joel-home-ukraine"
published_at: "2026-07-21T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4010605ae_1000222338.jpg"
keywords: ["Akhil Joel", "Ukraine Attack", "Merchant Navy"]
---

# യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ വീട് കളക്ടർ സന്ദർശിച്ചു; മൃതദേഹം എത്രയും വേഗം എത്തിക്കും

> **Lead Summary:** **കാസർകോട്: **യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിന്റെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.

## Article Content

**കാസർകോട്: **യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിന്റെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.

വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ അഖിലിന്റെ വീട്ടിലെത്തിയ കളക്ടർ അഖിലിന്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരെയും ബന്ധുക്കളെയും നേരിൽ കണ്ട് അനുശോചനം അറിയിച്ചു. കുടുംബത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഖിലിന്റെ മരണം സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. സംസ്ഥാന സർക്കാരും നോർക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും എത്രയും വേഗം സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങൾ കുടുംബത്തെ ഉടൻ അറിയിക്കുമെന്നും കളക്ടർ പറഞ്ഞു. അഖിൽ ജോയലിന്റെ മൃതദേഹം വിമാന മാർഗം നാട്ടിലെത്തിച്ച ശേഷം വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളും സർക്കാർ ചെയ്തുവരുന്നുണ്ട്.

അഖിലിന്റെ കുടുംബത്തിന് അർഹമായ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പൂർണ സഹകരണം നൽകുമെന്നും ജില്ലാ കളക്ടർ ഉറപ്പുനൽകി. വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി. രാമു ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373748/kasaragod-collector-visits-akhil-joel-home-ukraine)