---
title: "പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻകൃഷി ഷെഡിന് തീയിട്ടു"
english_title: "Ex-CPM Leader's Shrimp Farm Shed Set on Fire in Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374071/payyanur-shrimp-farm-shed-arson-t-purushothaman"
published_at: "2026-07-23T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ab4b034af_payyannur.jpeg"
keywords: ["Payyanur", "Kannur", "T Purushothaman", "Shrimp Farm", "CPM"]
---

# പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻകൃഷി ഷെഡിന് തീയിട്ടു

> **Lead Summary:** **കണ്ണൂർ**: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സിപിഎം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻകൃഷി ഷെഡിന് അജ്ഞാതർ തീയിട്ടു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിയാണ് പുരുഷോത്തമൻ.

## Article Content

**കണ്ണൂർ**: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സിപിഎം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻകൃഷി ഷെഡിന് അജ്ഞാതർ തീയിട്ടു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിയാണ് പുരുഷോത്തമൻ.

ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ചെമ്മീൻകൃഷിക്കുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ തീറ്റ കൊടുക്കാനെത്തിയപ്പോഴാണ് ഷെഡ് കത്തിയ നിലയിൽ കണ്ടെത്തിയത്.

ഷെഡ്ഡിനുള്ളിലെ ചെമ്മീൻ തീറ്റ, വല, ബോക്സുകൾ, പൈപ്പുകൾ, ട്രേകൾ എന്നിവ പൂർണമായും കത്തി നശിച്ചു. വാതിൽ, ജനൽ, കട്ടിൽ എന്നിവയും കത്തി നശിച്ച നിലയിലാണ്. ചെമ്മീൻ കെട്ടിലേക്ക് ദ്രാവക രൂപത്തിലുള്ള എന്തോ കലക്കിയതായും ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചതായും പുരുഷോത്തമൻ സംശയം പ്രകടിപ്പിച്ചു.

എന്തോ സ്ഫോടകവസ്തു ഉപയോഗിച്ചാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പുരുഷോത്തമന്റെ വീട് ആക്രമിച്ച് കാർ കത്തിച്ച കേസിൽ 5 സിപിഎം പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെയും കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലികളെയും ആക്രമിക്കാൻ പദ്ധതിയുണ്ടെന്ന് ആരോപണമുണ്ട്.

ആക്രമണത്തിന് പിന്നിൽ ടി.ഐ. മധുസൂദനനാണെന്നും പുരുഷോത്തമൻ പറഞ്ഞു.

സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് പുരുഷോത്തമൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374071/payyanur-shrimp-farm-shed-arson-t-purushothaman)