---
title: "പിണറായി പെരുമ വേദിയിൽ ആവേശമായി ടൊവിനോ"
english_title: "Excited Tovino"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37428/excited-tovino"
published_at: "2022-04-13T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625696111a1e9_Picsart_22-04-13_14-50-51-255.jpg"
keywords: []
---

# പിണറായി പെരുമ വേദിയിൽ ആവേശമായി ടൊവിനോ

> **Lead Summary:** മുൻനിരതാരങ്ങളോടൊപ്പം പ്രിയഗായകരുടെയും സംഗമഭൂമിയായി മാറുകയാണ് പിണറായി പെരുമ വേദി. പ്രശസ്ത സിനിമാ താരം ടൊവിനോ തോമസാണ് പിണറായി പെരുമ വേദിയെ ധന്യമാക്കാൻ വിശിഷ്ടാതിഥിയായെത്തിയത് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്ന പിണറായി പെരുമയുടെ പത്താം ദിവസം താരത്തിളക്കത്താല്‍ പ്രഭാപൂരിതമായി.

## Article Content

മുൻനിരതാരങ്ങളോടൊപ്പം പ്രിയഗായകരുടെയും സംഗമഭൂമിയായി മാറുകയാണ് പിണറായി പെരുമ വേദി. പ്രശസ്ത സിനിമാ താരം ടൊവിനോ തോമസാണ് പിണറായി പെരുമ വേദിയെ ധന്യമാക്കാൻ വിശിഷ്ടാതിഥിയായെത്തിയത് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്ന പിണറായി പെരുമയുടെ പത്താം ദിവസം താരത്തിളക്കത്താല്‍ പ്രഭാപൂരിതമായി.

നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ താരത്തെ വരവേറ്റത്. പിണറായി പെരുമയുടെ സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി ടൊവിനോ നിര്‍വഹിച്ചു.തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ബിജുനാരായണന്‍ നയിച്ച ഗാനമേള അരങ്ങേറി.

ആസ്വാദകരെ സംഗീതത്തിന്‍റെ കുളിര്‍മഴയിലാറാടിച്ച സംഗീതപരിപാടിയില്‍ കേരളത്തിലെ അറിയപ്പെടുന്ന ഗായകരായ രാജലക്ഷ്മി,നസീര്‍ മിന്നലെ, ലൌലി ജനാര്‍ദ്ദനന്‍,ജാനകി നായര്‍,വിഷ്ണുവര്‍ദ്ധന്‍,സരിത റാം, സുബീഷ് എന്നിവര്‍ ജനപ്രീയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

പിണറായി പെരുമ സംഘാടക സമിതി ടൊവിനോ തോമസിന് നല്‍കുന്ന ഉപഹാരം ഫെസ്റ്റിവല്‍ ഡയറക്ടര്‍ സൂര്യകൃഷ്ണ മൂര്‍ത്തി കൈമാറി. പിണറായി പെരുമയുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യൽ മത്സരത്തിൽ വിജയിയായ അഞ്ജനയെ ചടങ്ങിൽ അനുമോദിച്ചു. കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ അദ്ധ്യക്ഷയായി.

സംഘടക സമിതി ഭാരവാഹികളായ കെ. യു ബാലകൃഷ്ണന്‍, കക്കോത്ത് രാജൻ, സുധീര്‍, ഒ വി ജനാർദ്ദനൻ എന്നിവർ സന്നിഹിതരായിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ താരങ്ങളായ ഹരീഷ് കണാരൻ, പത്മപ്രിയ തുടങ്ങിയവരും പിണറായി പെരുമയുടെ വേദിയിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37428/excited-tovino)