---
title: "ആറളത്തും മുഴക്കുന്നിലും കാട്ടാനഭീതി രൂക്ഷം; വീട്ടുപറമ്പുകളിൽ നിത്യസന്ദർശകരായി വന്യമൃഗങ്ങൾ, നാട്ടുകാർ ഉറക്കമില്ലാത്ത രാവുകളിൽ"
english_title: "Aralam and Muzhakunnu villages struggling with elephant problems"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374711/aralam-and-muzhakunnu-villages-struggling-with-elephant-problems"
published_at: "2026-07-26T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65b875c8288_754677964_1031915826559911_5561215931407431221_n.png"
keywords: ["Aralam", "Muzhakunnu"]
---

# ആറളത്തും മുഴക്കുന്നിലും കാട്ടാനഭീതി രൂക്ഷം; വീട്ടുപറമ്പുകളിൽ നിത്യസന്ദർശകരായി വന്യമൃഗങ്ങൾ, നാട്ടുകാർ ഉറക്കമില്ലാത്ത രാവുകളിൽ

> **Lead Summary:** ഇരിട്ടി: ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ മലയോരവാസികൾ ഭീതിയുടെ മുൾമുനയിൽ. മുമ്പ് അപൂർവ്വമായി മാത്രം കണ്ടിരുന്ന ആനകൾ ഇപ്പോൾ ദിവസേന വീട്ടുപറമ്പുകളിലും മുറ്റത്തും ഇറങ്ങുന്ന സ്ഥിതിയാണുള്ളത്.

## Article Content

ഇരിട്ടി: ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ മലയോരവാസികൾ ഭീതിയുടെ മുൾമുനയിൽ. മുമ്പ് അപൂർവ്വമായി മാത്രം കണ്ടിരുന്ന ആനകൾ ഇപ്പോൾ ദിവസേന വീട്ടുപറമ്പുകളിലും മുറ്റത്തും ഇറങ്ങുന്ന സ്ഥിതിയാണുള്ളത്.

ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ വനത്തിൽ നിന്ന് അഞ്ച് കിലോമീറ്ററിലധികം അകലെയുള്ള ആറളം പെരുമ്പഴശ്ശിയിൽ ശനിയാഴ്ച്ച പുലർച്ചെ വീട്ടുമുറ്റത്തെത്തിയ രണ്ട് കാട്ടാനകൾ ഏറെനേരം ഭീതി വിതക്കുകയും കൃഷിയിടങ്ങളിൽ വ്യാപക കൃഷിനാശവും വരുത്തി.  പ്രദേശവാസികളായ കെ.പി. നജീബ്, കെ.കെ. റിജു, അബ്ദുൾ റഹ്‌മാൻ, അബൂബക്കർ എന്നിവരുടെ വീട്ടുപറമ്പുകളിലിറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ വൻതോതിൽ നശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ തുരത്തുന്നതുവരെ പ്രദേശത്ത് ഭീതിയും നാശനഷ്ടവും തുടർന്നു.

'ഓപ്പറേഷൻ ഗജമുക്തി' പദ്ധതി നടപ്പിലാക്കിയിട്ടും ആറളം ഫാമിലെ ആനകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഫാമിൽ നിന്നും തുരത്തുന്ന ആനകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെ എത്തുകയാണ്. ഫാമിൽ ഭക്ഷണത്തിന് ക്ഷാമം നേരിടുമ്പോൾ ആനകൾ പുഴ കടന്ന് ആറളം പഞ്ചായത്തിലെ പെരുമ്പഴശ്ശി, പറമ്പത്തെക്കണ്ടി, വട്ടപ്പറമ്പ് മേഖലകളിലേക്കും മുഴക്കുന്ന് പഞ്ചായത്തിലെ കൂടലാട്, അയ്യപ്പൻക്കാവ്, പാലപ്പുഴ എന്നിവിടങ്ങളിലേക്കും കടന്നുകയറുകയാണ്.

നേരത്തെ നാട്ടുകാരുടെ കൂട്ടായ്മയിൽ പുഴയോരങ്ങളിൽ സ്ഥാപിച്ചിരുന്ന സോളാർ തൂക്കുവേലികൾ കൃത്യമായ സംരക്ഷണമില്ലാതെ നശിച്ചുപോയതാണ് ആനകൾ നിർഭയം ജനവാസമേഖലയിലേക്ക് കടക്കാൻ പ്രധാന കാരണമായി പറയുന്നത്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374711/aralam-and-muzhakunnu-villages-struggling-with-elephant-problems)