---
title: "കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; DGP യോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്"
english_title: "Kollam Kundara Custodial Death: Home Department Seeks Urgent Report from DGP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374959/kollam-kundara-custodial-death-siyad-dgp-report"
published_at: "2026-07-27T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a673f30e25d3_1000223400.jpg"
keywords: ["Kundara", "Custodial Death", "Kerala Police"]
---

# കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; DGP യോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

> **Lead Summary:** **കൊല്ലം: **കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആഭ്യന്തര വകുപ്പ് നിർദേശിച്ചു.

## Article Content

**കൊല്ലം: **കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആഭ്യന്തര വകുപ്പ് നിർദേശിച്ചു.

ഒന്നര മാസം മുൻപാണ് കുണ്ടറ സ്വദേശി സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 13 വയസുകാരനെ കാണാനില്ലെന്ന പരാതിയിൽ അയൽവാസിയായ സിയാദിനെ ചോദ്യം ചെയ്യാനാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അടുത്ത ദിവസം രാവിലെ വിട്ടയച്ചു.

രണ്ട് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിയാദ് മരിച്ചു. പൊലീസ് മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ വെച്ച് മർദിച്ചതായി സിയാദ് പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. സ്റ്റേഷനിലെ സിപിഒക്കെതിരെയാണ് പ്രധാന ആരോപണം.

എന്നാൽ കസ്റ്റഡിയിലെടുത്ത് മർദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൃദയത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കുണ്ടറയിൽ പ്രതിഷേധ മാർച്ച് നടത്തി. ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374959/kollam-kundara-custodial-death-siyad-dgp-report)