---
title: "ടെക്കീ മീറ്റ്: ഐ.ടി പ്രൊഫഷണൽ മീറ്റുമായി ദിശാദർശൻ"
english_title: "Tech Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37591/tech-meet"
published_at: "2022-04-14T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257f499e0936_IMG-20220414-WA0115.jpg"
keywords: []
---

# ടെക്കീ മീറ്റ്: ഐ.ടി പ്രൊഫഷണൽ മീറ്റുമായി ദിശാദർശൻ

> **Lead Summary:** ശ്രീകണ്ഠപുരം: ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിൻ്റെ സമഗ്ര വിദ്യാഭ്യാസ- തൊഴിലധിഷ്ഠിത പരിപാടി ആയ ദിശാദർശൻ്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ സംഗമം സംഘടിപ്പിക്കുന്നു.

## Article Content

ശ്രീകണ്ഠപുരം: ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിൻ്റെ സമഗ്ര വിദ്യാഭ്യാസ- തൊഴിലധിഷ്ഠിത പരിപാടി ആയ ദിശാദർശൻ്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ സംഗമം സംഘടിപ്പിക്കുന്നു.

മണ്ഡലത്തിൽ നിന്നും ഉദിച്ചുയർന്ന് ലോകത്തിൻ്റെ വിവിധ കോണുകളിൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി, തൊഴിൽ മേഖലയിൽ വിജയം കൈവരിച്ചവരുടെ ഒരു വെർച്വൽ മീറ്റ് ആണ് ടെക്കീസ് മീറ്റ് എന്ന പേരിൽ ഇരുപത്തിമൂന്നാം തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കുന്നത്.

ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുമുള്ള പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. ഇരിക്കൂറിലെ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കളെ ബന്ധപ്പെടുത്തുന്ന ഒരു വേദി ഒരുക്കുക എന്നതോടൊപ്പം തന്നെ ഐ.ടി യുമായി ബന്ധപ്പെട്ട് മണ്ഡലത്തിൻ്റെ വികസന സാധ്യതകൾ ചർച്ച ചെയ്യാനും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു പ്രോഗ്രാം തയ്യാറാക്കുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.

ഇരിക്കൂറിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്നവർക്കും സാങ്കേതിക സഹകരണം ഉറപ്പ് വരുത്തുന്നതിനടക്കമുള്ള ചർച്ചകളും സംഗമത്തിൽ നടക്കും.

കണ്ണൂർ എയർപോർട്ടിൻ്റെയും മലയോര മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെയും സാന്നിധ്യം ഐ.ടി മേഖലയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് വരും ദിവസങ്ങളിൽ തയ്യാറാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37591/tech-meet)