---
title: "ജലസ്രോതസുകളെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും: മുഖ്യമന്ത്രി "
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37608/pinarayi-vijayan"
published_at: "2022-04-14T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625809aa83643_Picsart_22-04-14_17-16-25-671.jpg"
keywords: []
---

# ജലസ്രോതസുകളെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും: മുഖ്യമന്ത്രി 

> **Lead Summary:** ധർമ്മടം: ജലസ്രോതസുകളെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ കാര്യം കാണുന്നത്.

## Article Content

ധർമ്മടം: ജലസ്രോതസുകളെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ കാര്യം കാണുന്നത്.

ജലസ്രോതസുകളില്‍ മാലിന്യം വലിച്ചെറിയല്‍ നാടിനോട് ദ്രോഹമാണ് ചെയ്യുന്നതെന്നും, ജീവന്റെ നീരുറവ സംരക്ഷിക്കല്‍ ഓരോരുത്തരുടെയും കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ധർമ്മടം മണ്ഡലത്തിൽ നടപ്പാക്കുന്ന 20 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിനു മുന്നോടിയായി നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിവിധ കാര്യങ്ങളാണ് നടക്കുന്നത്.

ലൈഫ് മിഷന്റെ ഭാഗമായി 2000 വീടുകള്‍ കൂടി കൈമാറും. പുനര്‍ഗേഹം പദ്ധതിയില്‍ 532 കുടുംബങ്ങളെ കൂടി പുരധിവസിപ്പിക്കും. വാതില്‍പടി സേവനം സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കാന്‍ മുന്‍കൈയെടുക്കും.

15000 കുടുംബങ്ങള്‍ക്കു കൂടി പട്ടയങ്ങള്‍ നല്‍കും. കെ ഫോണിലൂടെ 14000 കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായി ചെക്കിക്കുനി പാലത്ത് നടന്ന പരിപാടിയില്‍ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി.

ധര്‍മടം മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ സുഗമമായ ഗതാഗതത്തിനായി ഹാര്‍ബര്‍ എന്‍ജിനിയര്‍ വിഭാഗം പൂര്‍ത്തീകരിച്ച റോഡുകളുടെയും നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍, മണ്ണ്, ജല സംരക്ഷണ വകുപ്പ്, കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കൃഷി എന്‍ജിനിയറിങ് വകുപ്പുകള്‍ ഉള്‍പ്പടെ പൂര്‍ത്തീകരിച്ച 20 പദ്ധതികളാണ് നാടിന് സമര്‍പ്പിച്ചത്.

ഹാര്‍ബര്‍ എക്‌സി. എന്‍ജിനിയര്‍ ടി വി ബാലകൃഷ്ണന്‍, എന്‍ജിനിയറിങ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി അബ്ദുല്‍സമദ്, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനിയര്‍ കെ ഗോപകുമാര്‍, കെ എല്‍ ഡി സി പ്രതിനിധി രാജീവന്‍, കൃഷി വിഭാഗം പ്രതിനിധി ദിനേഷന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവന്‍ (പിണറായി), എന്‍ കെ രവി (ധര്‍മടം), എ വി ഷീബ (പെരളശേരി), ടി സജിത (മുഴപ്പിലങ്ങാട്), ഗീത (വേങ്ങാട്), തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സജിത, പിണറായി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി പ്രമീള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ശശിധരന്‍, എ പ്രഭാകരന്‍, സി കെ ഗോപാലകൃഷ്ണന്‍, എന്‍ പി താഹിര്‍, ആര്‍ കെ ഗിരിധരന്‍, സംഘാടക സമിതി കണ്‍വീനര്‍ കോയിപ്രത്ത് രാജന്‍ സംസാരിച്ചു.

പൂര്‍ത്തിയാക്കിയത് 20 പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ 20 പദ്ധതികളാണ് നാടിന് സമര്‍പ്പിച്ചത് തീരദേശ റോഡുകളായ ധര്‍മടം പഞ്ചായത്തിലെ കൊള്ള്യാന്‍ സ്മാരക റോഡ്, പിണറായിയിലെ എ കെ ജി റോഡ്, വളപ്പിലക്കണ്ടി കൊറുമ്പന്‍ റോഡ്, പെരളശേരിയിലെ കിലാലൂര്‍ -മാണിക്കൊവ്വല്‍ റോഡ്, മുഴപ്പിലങ്ങാട്ടെ കൂടക്കടവ് ഗെയ്റ്റ്-ചിരാലക്കണ്ടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

മൈനര്‍ ഇറിഗേഷന്റെ കീഴില്‍ പിണറായി പഞ്ചായത്തിലെ ഇല്ലത്തുങ്കണ്ടി വിസിബി, ചേരിക്കില്‍ കുളം, പെരളശേരിയിലെ കണ്ണോത്ത് ചിറ-പൊതുവാച്ചേരി റോഡ്, വേങ്ങാട്ടെ പറമ്പായി കീഴേടത്ത് വയല്‍കുളം, കടമ്പൂരിലെ ഒരികര തോട് എന്നിവയും മണ്ണ് ജല സംരക്ഷണത്തിനു കീഴില്‍ പിണറായി പഞ്ചായത്തിലെ തണ്വമംഗലം വിഷ്ണുക്ഷേത്ര കുളം, പെരളശേരിയിലെ ശാസ്താംകോട്ട അയ്യപ്പക്ഷേത്ര കുളം, ആറട്ട് കുളം, വേങ്ങാട്ടെ കല്ലിക്കുന്ന് വയല്‍കുളം എന്നിവയും കെഎല്‍ഡിസിയുടെ കീഴിലെ പെരളശേരിയിലെ മക്രേരി അമ്പലക്കുളം, പിണറായിലെ ചെക്കിക്കുനിപ്പാലം സബ്‌സ്റ്റേഷന്‍ തോട്, കൃഷി എന്‍ജിനിയറിങ് കീഴിലെ കുറ്റിവയല്‍ -ബാവോട് കുളം ജലസേചന പദ്ധതി, വേങ്ങാട്ടെ കീഴത്തൂര്‍ വിസിബി അനുബന്ധ പ്രവൃത്തി, ചെമ്പിലോട്ടെ തന്നട റോഡ് സംരക്ഷണവുമാണ് യാഥാര്‍ഥ്യമാക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37608/pinarayi-vijayan)