---
title: "ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്"
english_title: "Large crowd of devotees to see Vishukani at Guruvayur temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37695/large-crowd-of-devotees-to-see-vishukani-at-guruvayur-temple"
published_at: "2022-04-15T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625929c2604cf_n1137716551650010550342a9c185a17dfa03c13b29bd26b4d4a0f1390681b0bd4b506b98e3cb8fce925941.jpg"
keywords: []
---

# ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്

> **Lead Summary:** **തൃശ്ശൂർ** : ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിഷുക്കണി ദർശനം നടന്നു. പുലർച്ചെ 2.30നാരംഭിച്ച വിഷുക്കണി ദർശനം 3.30 വരെ ഉണ്ടായിരുന്നു. വിഷുനാളിൽ വലിയ ഭക്തജന തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്.

## Article Content

**തൃശ്ശൂർ** : ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിഷുക്കണി ദർശനം നടന്നു. പുലർച്ചെ 2.30നാരംഭിച്ച വിഷുക്കണി ദർശനം 3.30 വരെ ഉണ്ടായിരുന്നു. വിഷുനാളിൽ വലിയ ഭക്തജന തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്.

ഇന്നലെ രാത്രി കീഴ്ശാന്തിമാർ ശ്രീലകത്ത് കണി  ഒരുക്കി വെച്ചു. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണയം സ്ഥിതി ചെയ്യുന്ന കണിക്കോപ്പുകൾ. പുലർച്ചെ രണ്ടിന് മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയും കീഴ്ശാന്തിമാരും കുളിച്ചു വന്ന് ശ്രീലക വാതിൽ തുറന്നു. നാളികേരം ഉടച്ച് തിരിയിട്ട് തെളിച്ച് ഓട്ടുരുളിയിലെ കണി കോപ്പുകൾ ഉയർത്തി പിടിച്ച് മേൽശാന്തി കണ്ണനെ കാണിച്ചു.

കെടാ വിളക്കിലെ തിരി നീട്ടി കണ്ണന്റെ കയ്യിൽ വിഷു കൈനീട്ടം നൽകി. ആലവട്ടവും വെഞ്ചാമരവും നെറ്റി പട്ടവും അലങ്കരിച്ച സ്വർണ പീഠത്തിൽ കണിക്കോപ്പുകളും കണ്ണന്റെ തങ്കത്തിടമ്പും എഴുന്നള്ളിച്ച് മുഖമണ്ഡപത്തിൽ വെച്ചു. വിളക്കുകൾ തിരിനീട്ടി തെളിച്ച് എല്ലാവരും പുറത്തിറങ്ങി. തുടർന്ന് ഭക്തർക്കുള്ള അവസരമായിരുന്നു. ഭക്തർ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. ഇന്നത്തെ വിഷു വിളക്ക് സമ്പൂർണ നെയ് വിളക്കയാണ് ആഘോഷിക്കുന്നത്. ഭക്തർക്ക് വിഷു സദ്യയും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37695/large-crowd-of-devotees-to-see-vishukani-at-guruvayur-temple)