---
title: "കെ.ജി.എഫ് ചാപ്റ്റര്‍ 2 ആദ്യ ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 134.5 കോടി"
english_title: "On the first day, KGF Chapter 2 grossed Rs 134.5 crore at the Indian box office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37716/on-the-first-day-kgf-chapter-2-grossed-rs-1345-crore-at-the-indian-box-office"
published_at: "2022-04-15T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6259644c70bf3_1106748-kgf-chapter-2-to-get-postponed-001.jpg"
keywords: []
---

# കെ.ജി.എഫ് ചാപ്റ്റര്‍ 2 ആദ്യ ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 134.5 കോടി

> **Lead Summary:** **തിരുവനന്തപുരം : **റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

## Article Content

**തിരുവനന്തപുരം : **റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് പ്രധാന കഥാപാത്രമായി എത്തിയ കെ.ജി.എഫ് ചാപ്റ്റര്‍ 2 ആദ്യ ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 134.5 കോടി രൂപയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ദിന കളക്ഷന്‍ പുറത്തു വിട്ടത്.

2018-ല്‍ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകള്‍. കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

19 വയസ്സുകാരനായ ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡയും സംഗീതം രവി ബസ്റൂറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37716/on-the-first-day-kgf-chapter-2-grossed-rs-1345-crore-at-the-indian-box-office)