---
title: "പ്രൗഢമായി കണ്ണൂർ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി സണ്ണി ജോസഫ് പതാക ഉയർത്തി"
english_title: "Kannur District Independence Day 2026 Sunny Joseph Flag Hoisting Parade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378637/kannur-district-independence-day-2026-sunny-joseph-parade"
published_at: "2026-08-15T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a801632067cd_asdf.jpeg"
keywords: ["Kannur", "Independence Day", "Sunny Joseph", "Collectorate"]
---

# പ്രൗഢമായി കണ്ണൂർ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി സണ്ണി ജോസഫ് പതാക ഉയർത്തി

> **Lead Summary:** **കണ്ണൂർ**: പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ നമുക്ക് ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കണ്ണൂർ**: പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ നമുക്ക് ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് വിഘടനവാദവും ഭീകരവാദവും വര്‍ഗീയവാദവും ശക്തിപ്പെടുമ്പോള്‍ രാജ്യസ്‌നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണം. അക്രമരഹിതവും സത്യഗ്രഹ മാര്‍ഗത്തിലുള്ളതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ലോകചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയും രാഷ്ട്ര ശില്‍പി പണ്ഡിറ്റ് നെഹ്‌റുവും ഉള്‍പ്പെടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യപ്പോരാളികളുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം സ്വായത്തമാക്കിയത്. ഈ സ്വാതന്ത്ര്യം രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനാധിപത്യവും മതേതരത്തവും വിഭാവന ചെയ്യുന്ന മാതൃകാപരമായ ഒരു ഭരണഘടന നാം സ്വന്തമാക്കിയത്.

ലോകത്തിനു മുമ്പില്‍ ഇന്ത്യ തലയെടുപ്പുള്ള ജനാധിപത്യ മതേതര പരമാധികാര രാജ്യമായി നിലനില്‍ക്കണമെങ്കില്‍ നാം നേടിയെടുത്ത വിലപ്പെട്ട സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വാണിജ്യ- വ്യവസായ-കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലും വന്‍ കുതിച്ചുചാട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്.

കൂടുതല്‍ വലിയ ഉയരങ്ങളിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു. രാവിലെ 9 മണിയോടെ ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി പരേഡ് പരിശോധിച്ചു.

തുടര്‍ന്ന് നടന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്സൈസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ് ഉള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ അണിനിരന്നു. തുടര്‍ന്ന് റിവ്യൂ ഓര്‍ഡര്‍ മാര്‍ച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

പരേഡില്‍ മികച്ച പ്രകടനം നടത്തിയ വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് മന്ത്രി സമ്മാനദാനവും നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി.വി. വിജയ് ഭാരത് റെഡ്ഡി, റൂറല്‍ പോലിസ് മേധാവി ഉമേഷ് ഗോയല്‍ എന്നിവരും പരേഡിന് അഭിവാദ്യം അര്‍പ്പിച്ചു.

മേയര്‍ അഡ്വ. പി ഇന്ദിര, എംഎല്‍എമാരായ ടി ഒ മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ലിഷ ദീപക്, എഡിഎം പി എന്‍ പുരുഷോത്തമന്‍, എച്ച് എസ് രാജേഷ് ഖന്ന, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കാളികളായി.

മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജുവായിരുന്നു പരേഡ് കമാന്റര്‍. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുജിത്ത് കുമാര്‍ ലെക്കന്റ് ഇന്‍ കമാന്‍ഡായി. പരേഡിന് ശേഷം ദേശഭക്തി ഗാനാലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378637/kannur-district-independence-day-2026-sunny-joseph-parade)