---
title: "കേരളത്തിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും: മന്ത്രി കെ രാജൻ"
english_title: "Digital reserve to be completed in Kerala in four years: Minister K Rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37864/digital-reserve-to-be-completed-in-kerala-in-four-years-minister-k-rajan"
published_at: "2022-04-16T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625aad5619c44_images.jpeg"
keywords: []
---

# കേരളത്തിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും: മന്ത്രി കെ രാജൻ

> **Lead Summary:** **കണ്ണൂർ : **വരുന്ന നാല് വർഷം കൊണ്ട് കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയാക്കുമെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. ജില്ലയിലെ റവന്യൂ ഓഫീസുകളിൽ സമ്പൂർണ ഇ ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കലക്ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കണ്ണൂർ : **വരുന്ന നാല് വർഷം കൊണ്ട് കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയാക്കുമെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. ജില്ലയിലെ റവന്യൂ ഓഫീസുകളിൽ സമ്പൂർണ ഇ ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കലക്ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

1966ലാണ് ഐക്യ കേരളത്തിലെ ആദ്യത്തെ റീസർവ്വേ നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്തെ 1666 വില്ലേജുകളിലെ 911 വില്ലേജുകളിലാണ് റീസർവ്വേ പൂർത്തീകരിക്കാൻ കഴിഞ്ഞത്. അതിൽ 89 വില്ലേജുകളിലാണ് ഇലക്‌ട്രോണിക് ടോട്ടൽ സ്‌റ്റേഷൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവ്വേ നടത്താൻ സാധിച്ചത്. 27 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പുരോഗമിക്കുന്നു. ഈ 116 വില്ലേജുകൾ മാറ്റി നിർത്തിയാൽ, ശേഷിച്ച 1550 വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ നടപടി പൂർത്തീകരിക്കണം.

55 വർഷക്കാലം കൊണ്ട് നടത്തി പൂർത്തീകരിക്കാൻ കഴിയാത്ത റീസർവ്വേ നാല് വർഷക്കാലം കൊണ്ട് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൂർത്തീകരിക്കാൻ പോവുകയാണ്. സുതാര്യവും വേഗതയുള്ളതുമായ കണ്ടിന്വസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്‌റ്റേഷൻ എന്ന കോർസ് ആണ് ഇതിന് ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യ. ഇതിനായി കേരളത്തിൽ 28 കോർസ് സ്‌റ്റേഷനുകൾ നിർമ്മിച്ചു. ഇതിൽനിന്ന് ലഭ്യമാവുന്ന സിഗ്‌നലുകൾക്കനുസരിച്ച് ഒരു സർവേയർക്കും സഹായിക്കും ഉപയോഗിക്കാൻ കഴിയുന്ന ആർടികെ റോബോട്ടിക് മെഷീനുകൾ ഉപയോഗിച്ചായിരിക്കും 70 ശതമാനം കേരളത്തെയും ഡിജിറ്റലായി അളക്കുക. ശേഷിക്കുന്നതിൽ 20 ശതമാനം റോബോട്ടിക്് ടോട്ടൽ സ്‌റ്റേഷൻ ഉപയോഗിച്ച് അളക്കും. 10 ശതമാനം തുറസ്സായ സ്ഥലങ്ങളിൽ ലഡാർ ക്യാമറ ഘടിപ്പിച്ച ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും.

ഇതിന് 1000 ആർടികെ റോബോട്ട് മെഷീനുകളും 700 ആർടിഎസ് മെഷീനുകളും 1700 ടാബുകളും വാങ്ങാനുള്ള ടെൻഡർ നടപടികൾ മുന്നോട്ടുപോവുകയാണ്. 1500 സർവേയർമാരേയും 3200 സഹായികളേയും എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന മെയ് മാസം നിയമിക്കും. ഡിജിറ്റൽ റീസർവേക്ക് വേണ്ട 807 കോടി രൂപ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്.

ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുന്നതോടെ റവന്യു വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവ്വേ വകുപ്പിന്റെ ഇ-മാപ്സ് എന്നീ സോഫ്റ്റ്‌വെയറുകൾ കൂടിച്ചേർന്നുള്ള സംയോജിത പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കും. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ തടസ്സമില്ലാതെ നടത്താനാവും. അനധികൃതമായി ഭൂമി കൈവശം വച്ചവരിൽ നിന്നും അവ തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാകും ഇതെന്നും മന്ത്രി പറഞ്ഞു.

ആദ്യമായാണ് സംസ്ഥാനത്ത് കലക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്പെഷ്യൽ ഓഫീസുകൾ അടക്കം മുഴുവനായി ഇ ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഐ ടി മിഷനും എൻ ഐ സിയും ചേർന്ന് കേവലം 60 ദിവസത്തെ പരിശ്രമം കൊണ്ട് പദ്ധതി നടപ്പിലാക്കിയത്.

ഭൂരേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട

 

2022 ഫെബ്രുവരിയിലാണ് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ സമ്പൂർണ ഇ-ഓഫീസ് പദ്ധതി നടപ്പാക്കാൻ ജില്ലയിൽ കർമ്മപദ്ധതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇ ഓഫീസിലുടെ തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രോസസിംഗ്, ഫയലിൽ നിന്ന് ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫീസിന്റെ ഭാഗമാവും. പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ്, എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം ഇ-ഓഫീസിന്റെ വെബ്പോർട്ടൽ മുഖനെ പൊതുജങ്ങൾക്ക് ലഭ്യാമാകും.

കലക്ടറേറ്റുകളിലേക്ക് സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫീസ് വ്യാപിപ്പിച്ചത് കണ്ണൂർ ജില്ലയിലാണ്. തുടർന്ന് 2016 ൽ തലശ്ശേരി റവന്യൂ ഡിവിഷണൽ ഓഫീസിലും ഇ-ഓഫീസ് നടപ്പാക്കി. റവന്യൂ വകുപ്പിൽ നിരവധി ഡിജിറ്റൽ സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. ഭൂനികുതി അടക്കാനുള്ള മൊബൈൽ ആപ്പ്, വില്ലേജ് ഓഫീസുകളിൽ ഔദ്യോഗിക വെബ്സൈറ്റുകൾ, പൊതുജനങ്ങൾക്കായി ഇ-സർവ്വീസസ് പോർട്ടൽ തുടങ്ങിയവയാണ് സേവനങ്ങൾ. ജനങ്ങൾക്ക് വിവിധ ഭൂരേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറയ്ക്കാനും ആവശ്യങ്ങൾ സാധിക്കാനും കഴിയും.

ജില്ലാ ഐടി മിഷൻ പ്രൊജക്ട് മാനേജർ മിഥുൻ കൃഷ്ണ, എഞ്ചിനീയർമാർ എന്നിവരെ റവന്യൂ വകുപ്പ് മന്ത്രി ആദരിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎൽഎ ആശംസ നേർന്നു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സ്വാഗതവും എഡിഎം കെ കെ ദിവാകരൻ നന്ദിയും പറഞ്ഞു. അസി. കലക്ടർ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആർഡിഒ ഇപി മേഴ്‌സി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37864/digital-reserve-to-be-completed-in-kerala-in-four-years-minister-k-rajan)