---
title: "സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ  വാർഷികാഘോഷം ഏപ്രിൽ 18ന് ഏഴോത്ത്"
english_title: "April 18 marks the  anniversary of the declaration of complete literacy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37874/april-18-marks-the-anniversary-of-the-declaration-of-complete-literacy"
published_at: "2022-04-16T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625aba9646129_images (2).jpeg"
keywords: []
---

# സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ  വാർഷികാഘോഷം ഏപ്രിൽ 18ന് ഏഴോത്ത്

> **Lead Summary:** **കണ്ണൂർ** :സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 31ാം വാർഷികാഘോഷം ഏപ്രിൽ 18ന് ഏഴോത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിക്കും.

## Article Content

**കണ്ണൂർ** :സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 31ാം വാർഷികാഘോഷം ഏപ്രിൽ 18ന് ഏഴോത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര ഗ്രാമമാണ് ഏഴോം. കേരളത്തിൽ നടന്ന സമ്പൂർണ സാക്ഷരതാ യജ്ഞത്തിന് മാതൃകയായത് പി എൻ പണിക്കരുടെയും പി ടി ഭാസ്‌കരപ്പണിക്കരുടെയും നേതൃത്വത്തിൽ 1985ൽ ഏഴോത്ത് നടന്ന സമ്പൂർണ സാക്ഷരതാ പരിപാടിയിലാണ്. അന്ന സർവ്വെയിലൂടെ കണ്ടെത്തിയ 2456 നിരക്ഷരരിൽ 706 പുരുഷന്മാരും 1750 സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. ഏഴോം മാതൃകയാക്കിയാണ് എൻ എസ് എസിന്റെ നേതൃത്വത്തിൽ കോട്ടയം പട്ടണത്തിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലും പിന്നീട് കേരളമാകെയും സമ്പൂർണ സാക്ഷരത നേടിയത്.

1991 ഏപ്രിൽ 18നാണ് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ അധ്യക്ഷതയിൽ മലപ്പുറത്തുളള പഠിതാവ് ചേലക്കാടൻ ആയിഷ കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37874/april-18-marks-the-anniversary-of-the-declaration-of-complete-literacy)