---
title: "സമൃദ്ധിയുടെ പൊന്നിൻ ചിങ്ങപ്പുലരിയിലേക്ക്‌ കണ്ണുതുറന്ന് മലയാളക്കര"
english_title: "Malayalams open their eyes to the golden pearl of prosperity;"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378868/malayalams-open-their-eyes-to-the-golden-pearl-of-prosperity"
published_at: "2026-08-17T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a828beb60ae2_sdfc.jpeg"
keywords: ["Chingam 1", "Kollavarsham 1202", "Onam", "Kerala New Year", "Agriculture"]
---

# സമൃദ്ധിയുടെ പൊന്നിൻ ചിങ്ങപ്പുലരിയിലേക്ക്‌ കണ്ണുതുറന്ന് മലയാളക്കര

> **Lead Summary:** വറുതിയുടെയും പെയ്തൊഴിയാത്ത മഴയുടെയും കർക്കടക നാളുകൾക്ക് വിട നൽകി, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിലേക്ക് വെളിച്ചം വീശുന്ന പുതിയൊരു ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര മിഴി തുറന്നിരിക്കുന്നു. മലയാളിയുടെ മണ്ണും മനസും ഒരുപോലെ പൊന്നണിഞ്ഞു നിൽക്കുന്ന പുതിയൊരു കാർഷിക വർഷത്തിനും ഇന്ന് ആരംഭം കുറിക്കുകയാണ്.

## Article Content

വറുതിയുടെയും പെയ്തൊഴിയാത്ത മഴയുടെയും കർക്കടക നാളുകൾക്ക് വിട നൽകി, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിലേക്ക് വെളിച്ചം വീശുന്ന പുതിയൊരു ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര മിഴി തുറന്നിരിക്കുന്നു. മലയാളിയുടെ മണ്ണും മനസും ഒരുപോലെ പൊന്നണിഞ്ഞു നിൽക്കുന്ന പുതിയൊരു കാർഷിക വർഷത്തിനും ഇന്ന് ആരംഭം കുറിക്കുകയാണ്.

കൊല്ലവർഷം 1202-ന്റെ ആരംഭ ദിനം കൂടിയാണ് ഇന്ന്. പ്രതീക്ഷകളുടെ പുതിയ പുലരി സമ്മാനിക്കുന്ന ഈ ദിനം ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ ഓണനിലാവിന്റെ കുളിരും പുതുവർഷത്തിന്റെ ആവേശവും നിറയ്ക്കുന്നു.

മണ്ണിനെയും അധ്വാനത്തെയും സ്നേഹിക്കുന്ന കാർഷിക സംസ്കാരത്തിന്റെ പുനരവലോകനം കൂടിയാണ് മലയാളിക്ക് ചിങ്ങം ഒന്ന്‌. പാടങ്ങളിൽ പൊൻകതിരുകൾ വിളഞ്ഞുനിൽക്കുന്നതും, പത്തായങ്ങൾ നിറഞ്ഞൊഴുകുന്നതുമായ പഴയകാല കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. അന്നദാതാക്കളായ കർഷകരെ ആദരിക്കുന്നതിനും, പുതിയ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികാടിസ്ഥാനത്തില്‍ ഇന്ന് പരിപാടികള്‍ സംഘടിപ്പിക്കും.

ചിങ്ങം ഒന്ന് പ്രമാണിച്ച് നിരവധി ഭക്തരാണ് പുലർച്ചെ മുതൽ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്തുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ വിശേഷാൽ പൂജകളും വഴിപാടുകളും ക്രമീകരിച്ചിട്ടുണ്ട്. സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഓരോ ചിങ്ങപ്പുലരിയും നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378868/malayalams-open-their-eyes-to-the-golden-pearl-of-prosperity)