---
title: "കെ.എം.ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം"
english_title: "KM Basheer Case Trial Adjourned for One Month, High Court Seeks Special Prosecutor Order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379078/km-basheer-case-trial-adjourned-high-court-special-prosecutor"
published_at: "2026-08-18T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84310a6e89b_1000228914.jpg"
keywords: ["KM Basheer", "High Court", "Sriram Venkitaraman", "Journalist Death"]
---

# കെ.എം.ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

> **Lead Summary:** **തിരുവനന്തപുരം: ** മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണക്കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനായി കാത്തിരിക്കാനാണ് നടപടി.

## Article Content

**തിരുവനന്തപുരം: ** മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണക്കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനായി കാത്തിരിക്കാനാണ് നടപടി.

സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നിയമന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് വിചാരണ ഒരു മാസത്തേക്ക് മാറ്റിവച്ചത്.

വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സർക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനും കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകണം.

തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിൽ നിന്ന് നാലാം കോടതിയിലേക്ക് കേസ് മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണെന്നും നീതിപൂർവമായ വിചാരണ നടക്കുമോ എന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യമുണ്ട്.

2019 ഓഗസ്റ്റ് 3-നാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ബഷീറിനെ ഐഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊലപ്പെടുത്തിയത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379078/km-basheer-case-trial-adjourned-high-court-special-prosecutor)