---
title: "സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ വ്യാപിപ്പിക്കും; വിദ്യാർഥികൾക്ക് ഓണം സ്‌പെഷ്യൽ അരി വിതരണം തുടങ്ങി"
english_title: "Kerala Govt to Extend School Mid-Day Meal to Plus Two, Onam Special Rice Distribution Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379200/kerala-school-midday-meal-extended-plus-two-onam-rice-distribution"
published_at: "2026-08-19T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a857f09b4216_1000229083.jpg"
keywords: ["Mid Day Meal", "N Shamsudheen", "Kerala Government", "School Students"]
---

# സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ വ്യാപിപ്പിക്കും; വിദ്യാർഥികൾക്ക് ഓണം സ്‌പെഷ്യൽ അരി വിതരണം തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം: **നിലവിൽ എട്ടാം ക്ലാസ് വരെ നടപ്പാക്കുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **നിലവിൽ എട്ടാം ക്ലാസ് വരെ നടപ്പാക്കുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

കേന്ദ്രാവിഷ്കൃത പി.എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒൻപത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം ഇതിന് സമ്മതം അറിയിച്ചതായും മന്ത്രി പറഞ്ഞു. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തിൽ അത് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്‌പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു.

പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിലൂടെ അത്രയും കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ സപ്ലൈകോ വഴി 905 മെട്രിക് ടൺ അരിയാണ് വിതരണം ചെയ്യുന്നത്.

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതായും മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം 90 ശതമാനം പൂർത്തിയായി. അടുത്ത ദിവസങ്ങളിൽ എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379200/kerala-school-midday-meal-extended-plus-two-onam-rice-distribution)