---
title: "മാലൂരിൽ പുലി ചത്ത സംഭവം: കർഷകനെതിരെ കേസെടുക്കരുതെന്ന് കിഫ"
english_title: "Maloor Leopard Death: KIFA Demands No Case Against Farmer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379373/maloor-leopard-death-kifa-demands-no-case-against-farmer-kannur"
published_at: "2026-08-20T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8705324089a_tiger_maloor.jpg"
keywords: ["Maloor Leopard Death", "KIFA", "Prince Devasia", "kannur news"]
---

# മാലൂരിൽ പുലി ചത്ത സംഭവം: കർഷകനെതിരെ കേസെടുക്കരുതെന്ന് കിഫ

> **Lead Summary:** കണ്ണൂർ മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ സ്ഥലമുടമയായ കർഷകനെതിരെ വനം വകുപ്പ് കേസെടുക്കരുതെന്ന് കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകന്റെ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ പുലി, പന്നിയെ പ്രതിരോധിക്കാൻ വെച്ച കെണിയിൽ കുടുങ്ങുകയാണുണ്ടായതെന്നും തുടർന്ന് വനം വകുപ്പ് നടത്തിയ മയക്കുവെടി വെപ്പിന് പിന്നാലെയാണ് പുലി ചത്തതെന്നും സംഘടന ചൂണ്ടിക്കാട്ടി.

## Article Content

കണ്ണൂർ മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ സ്ഥലമുടമയായ കർഷകനെതിരെ വനം വകുപ്പ് കേസെടുക്കരുതെന്ന് കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകന്റെ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ പുലി, പന്നിയെ പ്രതിരോധിക്കാൻ വെച്ച കെണിയിൽ കുടുങ്ങുകയാണുണ്ടായതെന്നും തുടർന്ന് വനം വകുപ്പ് നടത്തിയ മയക്കുവെടി വെപ്പിന് പിന്നാലെയാണ് പുലി ചത്തതെന്നും സംഘടന ചൂണ്ടിക്കാട്ടി.

സ്വന്തം പറമ്പിൽ അതിക്രമിച്ചു കയറുന്ന ഏത് വന്യമൃഗത്തെയും പ്രതിരോധിക്കാനുള്ള അവകാശം കർഷകന് നിയമപരമായി നൽകണമെന്നത് കിഫ ദീർഘകാലമായി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിലും കിഫ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും യുഡിഎഫ് ഇത് തങ്ങളുടെ പ്രകടനപത്രികയിൽ വാഗ്ദാനമായി ഉൾപ്പെടുത്തിയിരുന്നുവെന്നും സംഘടന വ്യക്തമാക്കി. ഈ വാഗ്ദാനം പാലിച്ച് കർഷകന് നീതി ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

കർഷകൻ കെണിവെച്ചത് വനഭൂമിയിലല്ല, മറിച്ച് സ്വന്തം കൃഷിയിടത്തിലാണെന്ന് കിഫ വ്യക്തമാക്കി. വന്യമൃഗങ്ങളെ കാട്ടിൽ സംരക്ഷിക്കേണ്ട ചുമതല നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട വനം വകുപ്പാണ് ഈ സംഭവത്തിൽ യഥാർത്ഥ പ്രതിസ്ഥാനത്തു നിൽക്കുന്നതെന്നും സംഘടന ആരോപിച്ചു.

വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11(2) പ്രകാരം സ്വരക്ഷയ്ക്കായി വന്യമൃഗങ്ങളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ലെന്ന് വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. പുലി കെണിയിൽ കുടുങ്ങിയ സംഭവം നടന്നത് കർഷകന്റെ സ്വന്തം പറമ്പിലായതിനാൽ, സെക്ഷൻ 11(2) നൽകുന്ന നിയമപരിരക്ഷ ഉറപ്പാക്കി കർഷകനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379373/maloor-leopard-death-kifa-demands-no-case-against-farmer-kannur)