---
title: "85 ലക്ഷത്തിന്റെ ഹവാല ഇടപാട്: വീണ വിജയനെതിരെ ഫെമ ചുമത്താൻ ഇ.ഡി; വീണ്ടും ചോദ്യം ചെയ്തേക്കും"
english_title: "FEMA Charges Loom Over Veena Vijayan in Hawala Probe: ED to Issue Notice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379417/fema-charges-loom-over-veena-vijayan-in-hawala-probe-ed-to-issue-notice"
published_at: "2026-08-21T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87c488c1ef4_download_(68).jpeg"
keywords: ["Veena Vijayan", "ED Investigation", "FEMA Case", "Hawala Deal", "Exalogic Solutions", "PA Mohamed Riyas"]
---

# 85 ലക്ഷത്തിന്റെ ഹവാല ഇടപാട്: വീണ വിജയനെതിരെ ഫെമ ചുമത്താൻ ഇ.ഡി; വീണ്ടും ചോദ്യം ചെയ്തേക്കും

> **Lead Summary:** **കൊച്ചി : **വിദേശത്തേക്ക് 85 ലക്ഷം രൂപ ഹവാലയായി കടത്തിയെന്ന കണ്ടെത്തലിൽ വീണാ വിജയനെതിരെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) പ്രകാരം കേസെടുക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നടപടി തുടങ്ങി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും.

## Article Content

**കൊച്ചി : **വിദേശത്തേക്ക് 85 ലക്ഷം രൂപ ഹവാലയായി കടത്തിയെന്ന കണ്ടെത്തലിൽ വീണാ വിജയനെതിരെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) പ്രകാരം കേസെടുക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നടപടി തുടങ്ങി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും.

വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ബുധനാഴ്‌ച നടത്തിയ റെയ്ഡിൽ ലഭിച്ച രേഖകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു. ഇവയുടെ വിലയിരുത്തൽ പൂർത്തിയായാൽ വീണയെ നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യും.

മുഹമ്മദ് റിയാസിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തിയേക്കും. ഹവാല ഇടപാടിൽ നേരിട്ടുള്ള ബന്ധത്തിന് തെളിവുകൾ ലഭിച്ചാൽ പ്രതി ചേർക്കാനും സാദ്ധ്യതയുണ്ട്. വീണയിൽ നിന്ന് ലഭിച്ച ബുക്കിൽ 20.05 കോടി രൂപയുടെ ചെലവുകൾ സ്വന്തം കൈപ്പ‌ടയിൽ എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ദുബായിലെ ഒരു അക്കൗണ്ടിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിന്റെ വിവരങ്ങൾ.

ചില വ്യക്തികൾ വഴി ഹവാലയായാണ് തുക കടത്തിയത്. ഇത് ഫെമ ലംഘനമാണ്. ഇതുസംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ചുവരുകയാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

മാസപ്പടി കോഴ തന്നെവീണയുടെ കുറിപ്പുകളിൽ പണം കൈമാറിയ വ്യക്തികളുടെ പേരുകളുമുണ്ട്. ഇവരെ ഉപയോഗിച്ച് കോഴപ്പണം കടത്തിയെന്ന നിഗമനത്തിലാണ് ഇ.ഡി. റെയ്ഡിൽ പിടിച്ചെടുത്ത ഇലക്ട്രോണിക്സ് വസ്‌തുക്കളും പരിശോധിക്കും. വീണയ്‌ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ കോഴയാണെന്നാണ് നിഗമനം.

എക്‌സാലോജിക് സൊല്യൂഷൻസിന് വലിയ വരുമാനം ലഭിച്ചിട്ടില്ല. ഇതും വീണയുടെ വരുമാനവും താരതമ്യം ചെയ്യുമ്പോൾ വരവിൽക്കവിഞ്ഞ സ്വത്ത് കൈവശമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.സിം വിവരങ്ങൾ ശേഖരിക്കുംമുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലുള്ള മൊബൈൽ സിം കാർഡ് വീണ ഉപയോഗിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

വൈഫൈയുടെ റൗട്ടറായാണ് സിം ഉപയോഗിച്ചിരുന്നത്. അനധികൃത പണമിടപാടുകൾക്ക് ഈ സിം ഉപയോഗിച്ചെന്നാണ് കരുതുന്നത്. അതു കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്തും. ഇതിലൂടെ പണമിടപാടുകളുടെയും സഹായിച്ചവരുടെയും വിശദാംശങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379417/fema-charges-loom-over-veena-vijayan-in-hawala-probe-ed-to-issue-notice)