---
title: "ഇരട്ട ചക്രവാതച്ചുഴി; ഓണനാളുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Twin cyclones; Heavy rain likely during Onam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379564/twin-cyclones-heavy-rain-likely-during-onam"
published_at: "2026-08-22T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89194cf1cd7_images_(1).jpeg"
keywords: ["Onam", "Rain", "Thiruvananthapuram"]
---

# ഇരട്ട ചക്രവാതച്ചുഴി; ഓണനാളുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം** : ഓണനാളുകളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വടക്കൻ ജില്ലകളിലും തിങ്കളാഴ്ച മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

## Article Content

**തിരുവനന്തപുരം** : ഓണനാളുകളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വടക്കൻ ജില്ലകളിലും തിങ്കളാഴ്ച മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഞായറാഴ്ച കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുകയാണ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

ഇതിന് പുറമെ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനമാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. ഓണാഘോഷ ദിവസങ്ങളിൽ മഴ മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379564/twin-cyclones-heavy-rain-likely-during-onam)