---
title: "ഓണത്തിരക്ക്;  കണ്ണൂർ നഗരത്തിൽ നടപ്പാക്കിയ താൽക്കാലിക ഗതാഗത പരിഷ്കാരം  പിൻവലിച്ചു"
english_title: "Onam rush; Temporary traffic reforms implemented in Kannur city withdrawn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379566/onam-rush-temporary-traffic-reforms-implemented-in-kannur-city-withdrawn"
published_at: "2026-08-22T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a891be741b03_1000248186.jpg"
keywords: ["Onamtraffic", "Kannur", "Autounion"]
---

# ഓണത്തിരക്ക്;  കണ്ണൂർ നഗരത്തിൽ നടപ്പാക്കിയ താൽക്കാലിക ഗതാഗത പരിഷ്കാരം  പിൻവലിച്ചു

> **Lead Summary:** **കണ്ണൂർ** : ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കണ്ണൂർ നഗരത്തിൽ നടപ്പാക്കിയ താൽക്കാലിക ഗതാഗത പരിഷ്കാരം ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ഇന്നലെ വൈകിട്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.പി. ആസാദ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പരിഷ്കാരം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.

## Article Content

**കണ്ണൂർ** : ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി കണ്ണൂർ നഗരത്തിൽ നടപ്പാക്കിയ താൽക്കാലിക ഗതാഗത പരിഷ്കാരം ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ഇന്നലെ വൈകിട്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.പി. ആസാദ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പരിഷ്കാരം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.

പരിഷ്കരണത്തിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കാനും കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.

പരിഷ്കരണം പിൻവലിക്കണമെന്ന് മേയറും സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ച തീരുമാനമല്ല പൊലീസ് നടപ്പാക്കിയതെന്ന വിമർശനവും മേയർ ഉന്നയിച്ചു.

രാവിലെ താവക്കരയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി സ്ഥലത്തെത്തി റോഡിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല.

പിന്നീട് സ്ഥലത്തെത്തിയ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എം.പി. ആസാദ് വ്യാപാരികളുമായും ഓട്ടോ ഡ്രൈവർമാരുമായും ചർച്ച നടത്തി. ഒരു ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരികൾ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ഓണത്തിരക്ക് കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ താൽക്കാലിക ഗതാഗത പരിഷ്കാരത്തിനെതിരെ വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റിയും കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറും പ്രതിഷേധം അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379566/onam-rush-temporary-traffic-reforms-implemented-in-kannur-city-withdrawn)