---
title: "കുടുംബശ്രീ ഇനി എ.ഐ.യും പഠിപ്പിക്കും; തൊഴിലും നൽകും, പരിശീലനം സൗജന്യം"
english_title: "Kudumbashree will now teach AI; will also provide employment, training will be free"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379809/kudumbashree-will-now-teach-ai-will-also-provide-employment-training-will-be-free"
published_at: "2026-08-24T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bc1a77b79f_1000251748.png"
keywords: ["Kudumbasree", "Employement", "Training", "Ai"]
---

# കുടുംബശ്രീ ഇനി എ.ഐ.യും പഠിപ്പിക്കും; തൊഴിലും നൽകും, പരിശീലനം സൗജന്യം

> **Lead Summary:** **കോഴിക്കോട്** : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.)-2.0 പദ്ധതിയിൽ ഇനി പുതുതലമുറ കോഴ്‌സുകളും. എ.ഐ. ഡിവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ കോഴ്‌സുകളിലുൾപ്പെടെ പരിശീലനംനൽകി തൊഴിൽ നൽകുകയാണ് ലക്ഷ്യം.

## Article Content

**കോഴിക്കോട്** : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.)-2.0 പദ്ധതിയിൽ ഇനി പുതുതലമുറ കോഴ്‌സുകളും. എ.ഐ. ഡിവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ കോഴ്‌സുകളിലുൾപ്പെടെ പരിശീലനംനൽകി തൊഴിൽ നൽകുകയാണ് ലക്ഷ്യം.

നാലുമാസത്തിനകം സംസ്ഥാനത്ത് 30,272 പേർക്ക് തൊഴിലുറപ്പാക്കും. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ചേർന്നാണ് ഗ്രാമീണമേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണി പരിശീലനം നൽകുന്നത്.

രണ്ടാംഘട്ടത്തിൻ്റെ ആദ്യപടിയായി കഴിഞ്ഞ സാമ്പത്തികവർഷം 1211 പേർക്ക് തൊഴിൽ നൽകി. ശേഷിക്കുന്ന 29061 പേർക്കാണ് ഡിസംബറിനുള്ളിൽ പുതിയ കോഴ്സുകളുൾപ്പെടുത്തി പരിശീലനംനൽകി തൊഴിൽ ലഭ്യമാക്കുക. സംസ്ഥാനത്തെ 56,665 പേർക്ക് ആദ്യഘട്ടത്തിൽ തൊഴിൽ നൽകിയിരുന്നു.

18-നും 35-നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യപരിശീലനം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗമേഖലയിലുള്ളവർ എന്നിവർക്ക് 45 വയസ്സാണ് പ്രായപരിധി. പത്താംക്ലാസ് മുതലുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത, അഭിരുചി എന്നിവയ്ക്കനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാം.

പരിശീലനം നൽകുന്ന എംപാനൽഡ് ഏജൻസികളെ സംസ്ഥാന മിഷനാണ് തിരഞ്ഞെടുക്കുന്നത്. 80,000 മുതൽ രണ്ടുലക്ഷം വരെ ചെലവുവരുന്നതാണ് കോഴ്‌സ്. ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠനസാമഗ്രികൾ ഉൾപ്പെടെ സൗജന്യം. ജോലിയും ഏജൻസി വഴി ഉറപ്പാക്കും.

സെപ്റ്റംബർ പകുതിയോടെ പരിശീലനം തുടങ്ങുമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. നാഷണൽ സ്കിൽ ഡിവലപ്മെന്റ് കോർപ്പറേഷന് കീഴിലുള്ള സെക്ടർ സ്ക്‌കിൽ കൗൺസിലാണ് സർട്ടിഫിക്കറ്റ് നൽകുക.താത്പര്യമുള്ളവർ അതത് ജില്ലകളിലെ കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം.

വിവരങ്ങൾക്ക്: 18004254714 (ടോൾ ഫ്രീനമ്പർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379809/kudumbashree-will-now-teach-ai-will-also-provide-employment-training-will-be-free)