---
title: "നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ ഉയരുന്നു; 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി സർക്കാർ"
english_title: "Nepal Flash Flood Death Toll 472 Missing 1500 Indians Stranded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380217/nepal-flash-flood-death-toll-rises-472-indians-missing"
published_at: "2026-08-28T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9148bd09024_1000231016.jpg"
keywords: ["Nepal Flash Flood Death Toll", "Indians Missing Nepal", "Tibet Rescue", "Trump Aid"]
---

# നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ ഉയരുന്നു; 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി സർക്കാർ

> **Lead Summary:** **കാഠ്മണ്ഡു: **നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ.

## Article Content

**കാഠ്മണ്ഡു: **നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ.

മലയാളികൾ ഉൾപ്പെടെ 290 ഇന്ത്യക്കാരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിഹാറിലെ ഗണ്ടക് നദിയിൽ ജലനിരപ്പുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡിൽ 13 ഹിമതടാകങ്ങൾ ദുരന്തസാധ്യതാ പട്ടികയിലാണെന്ന റിപ്പോർട്ടിന് പിന്നാലെ, കർശന നിരീക്ഷണത്തിന് സംസ്ഥാനസർക്കാർ നിർദേശം നൽകി.

അതിനിടെ, ടിബറ്റിലെ ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനം ചൈന താൽക്കാലികമായി നിർത്തിവെച്ചു. വീണ്ടും പ്രളയത്തിന് സാധ്യതയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. മണ്ണിടിച്ചിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂപപ്പെട്ട തടയിണ തകർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവർത്തകരോട് ഒരു കിലോമീറ്റർ പിന്നോട്ട് മാറാൻ അടിയന്തര നിർദ്ദേശം നൽകി.

നേപ്പാളിന് എന്തു സഹായവും നൽകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തു. ഇന്നലെ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം ഡോളർ ദുരിതാശ്വാസ സഹായത്തിന് പുറമേയാണ് ട്രംപിന്റെ പരാമർശം.

പ്രളയത്തിൽ കണ്ടെടുത്ത മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേരെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്നാണ് ആഭരണം മോഷ്ടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380217/nepal-flash-flood-death-toll-rises-472-indians-missing)