---
title: "മംഗള എക്സ്പ്രസിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 50 ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം"
english_title: "Mangala Express Food Poisoning 50 Students Vomiting Dizziness Pantry Food"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380398/mangala-express-food-poisoning-50-students-vomiting-dizziness-pantry-food"
published_at: "2026-08-30T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93b96369a99_images_(52).jpeg"
keywords: ["Thrissur", "Mangalaexpress", "Train"]
---

# മംഗള എക്സ്പ്രസിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 50 ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം

> **Lead Summary:** **തൃശൂർ**: പഠനയാത്ര കഴിഞ്ഞ് മംഗള എക്സ്പ്രസിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ട്രെയിനിൽ വെച്ച് ഭക്ഷ്യവിഷബാധയേറ്റത്.

## Article Content

**തൃശൂർ**: പഠനയാത്ര കഴിഞ്ഞ് മംഗള എക്സ്പ്രസിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ട്രെയിനിൽ വെച്ച് ഭക്ഷ്യവിഷബാധയേറ്റത്.

ഡൽഹിയിൽ നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50 ഓളം കുട്ടികൾക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. ട്രെയിനിലെ പാന്ററി കാറിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്.

ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്കൂൾ അധികൃതരും റെയിൽവേ ജീവനക്കാരെയും ഹെൽപ്പ് ലൈനിലും വിവരം അറിയിച്ചു. ഖണ്ഡ്വ ജംഗ്ഷൻ സ്റ്റേഷനിലെ 5-ാം നമ്പർ പ്ലാറ്റ്ഫോമിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് ട്രെയിൻ എത്തിയത്. അവിടെ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാഥമിക ചികിത്സ നൽകി.

ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഒ.പി ജുഗ്താവത്, സിവിൽ സർജൻ ഡോ. അനിരുദ്ധ കൗശൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ മെഡിക്കൽ ടീമും ചേർന്നാണ് ചികിത്സ നൽകിയത്. ആരോഗ്യനില തൃപ്തികരമെന്ന് ഉറപ്പാക്കിയതിന് ശേഷം 40 മിനിറ്റ് വൈകി ട്രെയിൻ യാത്ര തുടർന്നു. മുൻകരുതൽ എന്ന നിലയിൽ റെയിൽവേയുടെ പ്രത്യേക മെഡിക്കൽ ടീം ഭുസാവൽ സ്റ്റേഷൻ വരെ വിദ്യാർത്ഥികളെ ട്രെയിനിൽ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380398/mangala-express-food-poisoning-50-students-vomiting-dizziness-pantry-food)