---
title: "പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ജീവനക്കാർ പ്രതിഷേധത്തിലേക്ക്"
english_title: "Palakkad Railway Division Split Employees Protest Mangalore Mysuru Merger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380424/palakkad-railway-division-split-employees-protest-mangalore"
published_at: "2026-08-30T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93facbc27b5_1000231404.jpg"
keywords: ["Palakkad Railway Division", "Mangalore Railway", "Railway Employees Protest"]
---

# പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ജീവനക്കാർ പ്രതിഷേധത്തിലേക്ക്

> **Lead Summary:** **പാലക്കാട്: **പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ റെയിൽവേ ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഡിവിഷൻ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

## Article Content

**പാലക്കാട്: **പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ റെയിൽവേ ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഡിവിഷൻ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

മംഗളൂരുവിൽ ജോലി ചെയ്യുന്ന 1500 തൊഴിലാളികളിൽ 60% മലയാളികളാണ്. ഇവരിൽ ഭൂരിഭാഗം പേരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്ത് ജോലി ചെയ്തവരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഡിവിഷൻ വിഭജനം നടപ്പാക്കിയത് അംഗീകൃത സംഘടനകളോട് ചർച്ച നടത്താതെയാണെന്നാണ് ഇവർ പറയുന്നത്. ഡിവിഷൻ വിഭജനം റെയിൽവേയ്ക്ക് ഭരണപരമായ ഒരു നേട്ടവും നൽകുന്നില്ലെന്ന് ഡിആർഇയു ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തുന്നതോടെ വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മംഗലാപുരം പരിധിയിൽ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ കിട്ടാനുള്ള സാധ്യത കുറയും. പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് വരുമാനം നോക്കി മാത്രമാണ്. വരുമാനം കുറയുന്നതോടെ ബജറ്റിൽ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റർ, ട്രാക്ക്, പ്രധാന സ്റ്റേഷനുകൾ, വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്.

അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമർജൻസി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വണ്ടികൾക്ക് എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കാൻ മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. ട്രാൻസ്ഫർ, സ്ഥാനക്കയറ്റം തുടങ്ങിയവയെല്ലാം പുനഃക്രമീകരിക്കേണ്ടി വരും. മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

നടപ്പിലാക്കിയാൽ മംഗളൂരു തുറമുഖം ഉൾപ്പെടെ മൈസൂർ ഡിവിഷന്റെ കീഴിലാകും. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള തീരുമാനവും ഉയർന്ന് വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380424/palakkad-railway-division-split-employees-protest-mangalore)