---
title: "ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ"
english_title: "A Nigerian man has been arrested in a case of embezzling Rs 10 lakh through a dating app"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38053/a-nigerian-man-has-been-arrested-in-a-case-of-embezzling-rs-10-lakh-through-a-dating-app"
published_at: "2022-04-18T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625cd1d24f5ca_images (21).jpeg"
keywords: []
---

# ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:** ആലപ്പുഴ : യുഎസിൽ പൈലറ്റാണെന്ന് ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുമാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

## Article Content

ആലപ്പുഴ : യുഎസിൽ പൈലറ്റാണെന്ന് ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുമാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന യുവതിയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഇയാൾ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടർന്ന് വാട്സാപ്പിലൂടെ ഇവരുടെ സൗഹൃദം നേടിയെടുക്കുകയുമായിരുന്നു.

വിവാഹവാഗ്‌ദാനം നൽകിയ ശേഷ൦ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. യുവതിക്ക് നൽകാനായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചരിക്കുകയാണെന്നും ഇത് വിട്ടുകിട്ടാനായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ഇയാൾ ആവശ്യപ്പെട്ടു. പല തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം അയച്ചുകൊടുത്തു. 11 ലക്ഷം കൂടി ഇയാൾ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് ഇത് അയച്ചുനൽകാനായി യുവതി നഗരത്തിലെ ബാങ്കിൽ എത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് അധികൃതർ യുവതിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ബാങ്ക് അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38053/a-nigerian-man-has-been-arrested-in-a-case-of-embezzling-rs-10-lakh-through-a-dating-app)