---
title: "നേപ്പാളിൽ ആറാം നാളും തിരച്ചിൽ ഊർജിതം; 903 മരണങ്ങൾ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ"
english_title: "Nepal Flash Flood Search Continues 903 Deaths 4000 Missing Malayalis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380563/nepal-flash-flood-sixth-day-search-903-deaths-4000-missing"
published_at: "2026-08-31T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9545b908336_1000231575.jpg"
keywords: ["Nepal Flood", "Nepal Flash Flood Death", "Nepal Rescue"]
---

# നേപ്പാളിൽ ആറാം നാളും തിരച്ചിൽ ഊർജിതം; 903 മരണങ്ങൾ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ

> **Lead Summary:** **കാഠ്മണ്ഡു: **മിന്നൽ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളിൽ തിരച്ചിൽ ഊർജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികൾ അടക്കം 4000-ൽ അധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും നേപ്പാൾ സർക്കാർ പറഞ്ഞു.

## Article Content

**കാഠ്മണ്ഡു: **മിന്നൽ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളിൽ തിരച്ചിൽ ഊർജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികൾ അടക്കം 4000-ൽ അധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും നേപ്പാൾ സർക്കാർ പറഞ്ഞു.

നേപ്പാൾ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 4247 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 275 ഇന്ത്യക്കാരും ജലവൈദ്യുതി പദ്ധതികളിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു. നേപ്പാൾ പോലീസിലെ 25 പേരും നേപ്പാൾ ആർമിയിലെ 45 പേരും കാണാതായവരുടെ പട്ടികയിലുണ്ട്.

ഇന്ത്യയിൽ നിന്നുള്ള തുരങ്ക രക്ഷാപ്രവർത്തന സംഘവും ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധരും നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ താൽക്കാലിക തടയണകൾ തകരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

ചിത്വാൻ ജില്ലയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ ലഭിച്ചത്. 272 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കും. ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്.

അതിനിടെ പ്രളയദുരിതത്തിൽ അകപ്പെട്ട നേപ്പാളിന് സഹായഹസ്തവുമായി ചൈന രംഗത്ത് വന്നു. നേപ്പാളിന് 2.2 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ചൈന അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380563/nepal-flash-flood-sixth-day-search-903-deaths-4000-missing)