---
title: "പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു"
english_title: "Kozhikode Aboobacker Passes Away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380671/famous-mappila-song-musician-kozhikode-aboobacker-passes-away"
published_at: "2026-09-01T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96725f6ad71_1000265939.jpg"
keywords: ["Obituary", "Muscian"]
---

# പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്**: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക - 80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.

## Article Content

**കോഴിക്കോട്**: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക - 80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.

മാപ്പിളപ്പാട്ടിന്റെ തനിമ ചോർന്നുപോകാതെ മൂവായിരത്തിലധികം ജനപ്രിയ ഗാനങ്ങൾക്ക് ഈണം പകർന്ന അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുൻപ് വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് ഈണമിട്ടിരുന്നു.

മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് നിരവധി കാലാതീതമായ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞനാണ് കോഴിക്കോട് അബൂബക്കർ. കെ.ജെ. യേശുദാസ് ആലപിച്ച് മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ 'കരയാനും പറയാനും മനംതുറന്നിരിക്കാനും', കെ.എസ്. ചിത്ര ആലപിച്ച 'യത്തീമിന്നത്താണീ' തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് സൃഷ്ടികളാണ്.

യേശുദാസ്, ചിത്ര എന്നിവർക്ക് പുറമെ എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ മലയാളത്തിലെ മുൻനിര ഗായകർക്കെല്ലാം അദ്ദേഹത്തിന്റെ ഈണങ്ങളിൽ പാടാൻ അവസരം ലഭിച്ചു. നിരവധി പുതിയ ഗായകർക്കും രചയിതാക്കൾക്കും സംഗീത ലോകത്ത് വഴിത്തിരിവായ അവസരങ്ങൾ നൽകാനും അദ്ദേഹം മുൻകൈയെടുത്തു.

സംഗീതസംവിധാനത്തിന് പുറമെ തബലവാദനത്തിലും അസാധാരണ പാടവം തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. എം.എസ്. ബാബുരാജ്, ജി. ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ ചലച്ചിത്ര സംഗീത ശാഖയിലെ പ്രമുഖരുടെ പ്രിയപ്പെട്ട തബല കലാകാരന്മാരിൽ ഒരാളായിരുന്നു അവുക്ക.

ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, റോഷ്നി, ഫെമിന, സജിന, പരേതനായ ഫയാസ്. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന. ഖബറടക്കം ഉച്ചയ്ക്ക് 12ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380671/famous-mappila-song-musician-kozhikode-aboobacker-passes-away)