---
title: " കലക്ടർ വിഷ്ണുരാജും കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയും ബൂട്ടണിഞ്ഞപ്പോൾ - ഊർപ്പള്ളി മഡ് ഫുട്ബോൾ"
english_title: "Urpally Mud Football Kannur Collector Vishnu Raj Commissioner Vijay Bharat Reddy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380693/urpally-mud-football-kannur-collector-commissioner-mla"
published_at: "2026-09-01T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a969272549f1_1000231721.jpg"
keywords: ["Urpally Mud Football", "Kannur Collector Vishnu Raj", "Vijay Bharat Reddy IPS"]
---

#  കലക്ടർ വിഷ്ണുരാജും കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയും ബൂട്ടണിഞ്ഞപ്പോൾ - ഊർപ്പള്ളി മഡ് ഫുട്ബോൾ

> **Lead Summary:** **കണ്ണൂർ: **വേങ്ങാട് ഊർപ്പള്ളി വയലിൽ നടന്ന മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ മുക്കി ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും തേരോട്ടം. ജില്ലാ കലക്ടറും പോലീസ് കമ്മീഷണറും എംഎൽഎമാരും അടങ്ങുന്ന ടീമും മാധ്യമപ്രവർത്തകരും തമ്മിലാണ് ഊർപ്പള്ളി മഴ ഉത്സവത്തിലെ പ്രധാന മത്സരമായ മഡ് ഫുട്ബോളിൽ ഏറ്റുമുട്ടിയത്.

## Article Content

**കണ്ണൂർ: **വേങ്ങാട് ഊർപ്പള്ളി വയലിൽ നടന്ന മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ മുക്കി ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും തേരോട്ടം. ജില്ലാ കലക്ടറും പോലീസ് കമ്മീഷണറും എംഎൽഎമാരും അടങ്ങുന്ന ടീമും മാധ്യമപ്രവർത്തകരും തമ്മിലാണ് ഊർപ്പള്ളി മഴ ഉത്സവത്തിലെ പ്രധാന മത്സരമായ മഡ് ഫുട്ബോളിൽ ഏറ്റുമുട്ടിയത്.

ഊർപ്പള്ളിയിലെ ചെളിവെള്ളത്തിൽ പിറന്നത് മൂന്ന് ഗോളുകൾ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെ ടീം വിജയക്കൊടി പാറിച്ചത്.

സേവ് ഊർപ്പള്ളിയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വേങ്ങാട് ഗ്രാമപഞ്ചായത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ, ആസ്റ്റർ മിംസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴയുത്സവത്തിലാണ് ജനപ്രതിനിധികളും പോലീസുകാരും അടങ്ങുന്ന ടീം മാധ്യമപ്രവർത്തകരുടെ ടീമുമായി ഏറ്റുമുട്ടിയത്.

ഡിസ്ട്രിക്റ്റ് പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, ജില്ലാ കളക്ടർ വിഷ്ണുരാജ്, എംഎൽഎമാരായ അഡ്വ. ടി.ഒ മോഹനൻ, വി.കെ സനോജ്, ഡിവൈഎസ്പി കെ.വി പ്രമോദ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.കെ ജഗന്നാഥൻ തുടങ്ങിയവരായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ടീമിൽ അണിനിരന്നത്.

മാധ്യമ പ്രവർത്തകരുടെ ടീമിനായി ആദർശ് ബേബി, ധനിത് ലാൽ എസ് നമ്പ്യാർ, ഒ.ടി പ്രശോഭ്, ലിജീഷ് മാത്യു, മിഥുൻ കല്യാണി, വൈശാഖ് ശിവ, ടി ഷാൽവിൻ, വിപിൻ ദാസ്, സി.പി ഹർഷ്, പ്രണവ് തുടങ്ങിയവരും കളത്തിൽ ഇറങ്ങി.

ഊർപ്പള്ളി വയലിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളം കെട്ടിക്കിടക്കുന്ന ചെളിനിറഞ്ഞ വയലിൽ മഴയുത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഫുട്ബോൾ മത്സരവും നടന്നു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ടീമിനെ പരാജയപ്പെടുത്തി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. കമ്പവലി മത്സരവും നടന്നു.

മുതിർന്ന കർഷകരായ നാരായണിയമ്മ, വിമല പടന്നക്കണ്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ അസി.കലക്ടർ എസ് സ്വാതി, തലശേരി സബ് കലക്ടർ രവി വീണ, ഡിടിപിസി സെക്രട്ടറി പ്രഭാത് ടി.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ദീപു, എസ്പിസി ജില്ലാ അസി. കോർഡിനേറ്ററായ സബ് ഇൻസ്പെക്ടർ കെ. രാജേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂത്തുപറമ്പ് എസ്ഐ സനദ് എൻ പ്രദീപ് സമ്മാനദാനം നിർവഹിച്ചു. മുതിർന്ന കർഷകനായ ഐ.സി ശ്രീധരനെ ഉപഹാരം നൽകി ആദരിച്ചു. റംഷി പട്ടുവം നയിച്ച നാടൻ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380693/urpally-mud-football-kannur-collector-commissioner-mla)