---
title: "കണ്ണൂർ പരിയാരം ചൂടലയിൽ വീടിന്റെ ജനൽ തകർത്ത് ഏഴ് പവനിലധികം സ്വർണ്ണവും 36,000 രൂപയും കവർന്നു"
english_title: "Kannur Pariyaram Choodala House Burglary Gold Cash Stolen Police Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380728/kannur-pariyaram-choodala-house-burglary-gold-cash-robbery"
published_at: "2026-09-01T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96c17373761_1000231792.jpg"
keywords: ["Kannur Burglary", "Pariyaram Choodala", "Gold Theft"]
---

# കണ്ണൂർ പരിയാരം ചൂടലയിൽ വീടിന്റെ ജനൽ തകർത്ത് ഏഴ് പവനിലധികം സ്വർണ്ണവും 36,000 രൂപയും കവർന്നു

> **Lead Summary:** **കണ്ണൂർ: **പരിയാരം ചൂടലയിൽ വീടിന്റെ ജനൽ തകർത്ത് ഏഴ് പവനിലധികം സ്വർണ്ണവും 36,000 രൂപയും കവർന്നു. വി.കെ സത്താറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

**കണ്ണൂർ: **പരിയാരം ചൂടലയിൽ വീടിന്റെ ജനൽ തകർത്ത് ഏഴ് പവനിലധികം സ്വർണ്ണവും 36,000 രൂപയും കവർന്നു. വി.കെ സത്താറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ സൈഡിൽ പ്രാർത്ഥന മുറിയിലേക്കുള്ള അഴികൾ ഇല്ലാത്ത ജനലിന്റെ ചില്ല് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തളിപ്പറമ്പ് പരിയാരം ചൂടല മുസ്ലിംപള്ളിക്ക് പിറകുവശത്തെ വീട്ടിലാണ് മോഷണം നടന്നത്. 7 പവനിൽ അധികം സ്വർണാഭരണങ്ങളും 36,000 രൂപയുമാണ് കവർന്നത്.

വി.കെ സത്താറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. സത്താറും ഭാര്യ നഫീസയും മകൻ ഷഫീറുമാണ് ഇവിടെ താമസിക്കുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി വീട് പൂട്ടി മൂന്നുപേരും രാത്രി പള്ളിയിലേക്ക് പോയിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

അലമാരയിൽ സൂക്ഷിച്ച അഞ്ചര പവൻ തൂക്കം വരുന്ന മാല, ഒന്നര പവന്റെ വള, കാൽപവൻ തൂക്കം വരുന്ന മോതിരം എന്നിവയും മകന്റെ ബാഗിൽ ഉണ്ടായിരുന്ന 36,000 രൂപയുമാണ് നഷ്ടപ്പെട്ടത്.

സത്താറിന്റെ പരാതിയിൽ പയ്യന്നൂർ ഡിവൈഎസ്പി പി.കെ മണിയുടെ മേൽനോട്ടത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഐ കെ.പി വിനോദ് കുമാർ, എസ്ഐ യദുകൃഷ്ണൻ, എഎസ്ഐ ടി.കെ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

കഴിഞ്ഞ ദിവസം കോരൻപീടിക പളുങ്ക് ബസാറിലെ സുബൈർ മൗലവിയുടെ വീട്ടിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു. കാര്യമായി ഒന്നും നഷ്ടപ്പെടാത്തതിനാൽ പോലീസിൽ പരാതി നൽകിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380728/kannur-pariyaram-choodala-house-burglary-gold-cash-robbery)