---
title: "ഓണസദ്യ വിറ്റ് റെക്കോർഡ് നേട്ടവുമായി കുടുംബശ്രീ; വിറ്റുവരവ് 2.64 കോടി രൂപ, മുന്നിൽ കണ്ണൂർ"
english_title: "Kudumbashree Onasadhya Revenue Touches Rs 2.64 Crore; Kannur Leads Sales"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380789/kudumbashree-onasadhya-revenue-touches-rs-264-crore-kannur-leads-sales"
published_at: "2026-09-02T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97ab8ef072e_ww.jpeg"
keywords: ["kudumbasree", "thiruvananthapuram"]
---

# ഓണസദ്യ വിറ്റ് റെക്കോർഡ് നേട്ടവുമായി കുടുംബശ്രീ; വിറ്റുവരവ് 2.64 കോടി രൂപ, മുന്നിൽ കണ്ണൂർ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇത്തവണത്തെ ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കിയ ഓണസദ്യ വിതരണത്തിന് വൻ ജനപ്രീതിയും വൻ വരുമാനവും. ഓണനാളുകളിൽ സദ്യ വിറ്റഴിച്ചതിലൂടെ 2.64 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ കൈവരിച്ചത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇത്തവണത്തെ ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കിയ ഓണസദ്യ വിതരണത്തിന് വൻ ജനപ്രീതിയും വൻ വരുമാനവും. ഓണനാളുകളിൽ സദ്യ വിറ്റഴിച്ചതിലൂടെ 2.64 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ കൈവരിച്ചത്.

ഓഗസ്റ്റ് 10 മുതലാണ് സദ്യയ്ക്കുള്ള ഓർഡറുകൾ കുടുംബശ്രീ യൂണിറ്റുകൾ വഴി സ്വീകരിച്ചു തുടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 14 മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലായിരുന്നു സദ്യ വിതരണവും വിൽപ്പസയും നടന്നത്.

കേരളത്തിലെ ഓരോ ജില്ലകളുടെയും പ്രാദേശിക രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളോടെയാണ് സദ്യ തയ്യാറാക്കിയത്. വ്യത്യസ്ത നിരക്കുകളിലാണ് കുടുംബശ്രീ ഓണസദ്യ ആവശ്യക്കാരിലേക്ക് എത്തിച്ചത്.

23 വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 230 രൂപയും, 20 വിഭവങ്ങളുള്ള സദ്യയ്ക്ക് 200 രൂപയും, 17 വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയ്ക്ക് 170 രൂപയുമായിരുന്നു ഈടാക്കിയത്. എല്ലാ പാക്കറ്റുകളിലും മൂന്ന് തരത്തിലുള്ള വിഭവസമൃദ്ധമായ പായസവും തൂശനിലയും അടക്കം ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തുടനീളമുള്ള 415 കുടുംബശ്രീ യൂണിറ്റുകളാണ് ഇത്തവണത്തെ ഓണസദ്യ നിർമാണത്തിലും വിതരണത്തിലും പങ്കാളികളായത്. ആകെ 1,22,817 സദ്യ ഓർഡറുകളാണ് സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീക്ക് ലഭിച്ചത്. വിൽപ്പസയിൽ 45,35,880 രൂപയുടെ വരുമാനം നേടി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 40 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനവും, 27,17,350 രൂപ നേടി ഇടുക്കി ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓണ വിപണിയിൽ വലിയ ചലനമുണ്ടാക്കാൻ കുടുംബശ്രീയുടെ ഈ മുന്നേറ്റത്തിന് സാധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380789/kudumbashree-onasadhya-revenue-touches-rs-264-crore-kannur-leads-sales)