---
title: "ജി.എസ്.ടി സ്ലാബുകൾ പരിഷ്കരിക്കുന്നു: നികുതി അഞ്ച് ശതമാനത്തിൽനിന്ന് എട്ടാക്കിയേക്കും"
english_title: "The tax may be raised from five per cent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38079/the-tax-may-be-raised-from-five-per-cent"
published_at: "2022-04-18T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d053b71bea_Screenshot_20220418_114420.jpg"
keywords: []
---

# ജി.എസ്.ടി സ്ലാബുകൾ പരിഷ്കരിക്കുന്നു: നികുതി അഞ്ച് ശതമാനത്തിൽനിന്ന് എട്ടാക്കിയേക്കും

> **Lead Summary:** സംസ്ഥാനങ്ങളുടെ വരുമാനം ഉയർത്താൻ ചരക്ക് സേവന നികുതി(ജി.എസ്.ടി)സ്ലാബുകൾ പരിഷ്കരിച്ചേക്കും. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

## Article Content

സംസ്ഥാനങ്ങളുടെ വരുമാനം ഉയർത്താൻ ചരക്ക് സേവന നികുതി(ജി.എസ്.ടി)സ്ലാബുകൾ പരിഷ്കരിച്ചേക്കും. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

അഞ്ച് ശതമാനം സ്ലാബ് ഒഴിവാക്കി മൂന്ന്, എട്ട് ശതമാനം സ്ലാബുകൾ ഉൾപ്പെടുത്താനാണ് നീക്കം. 5, 12, 18, 28 എന്നീ സ്ലാബുകളുള്ള നികുതി ഘടനയാണ് നിലവിൽ വിവിധ ഉത്പന്നങ്ങൾക്കുള്ളത്.

വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിൽ നികുതിയില്ലാത്ത ചില ഭക്ഷ്യേതര ഉത്പന്നങ്ങളെ മൂന്നു ശതമാനം നികുതി സ്ലാബിനുകീഴിൽ കൊണ്ടുവരാനും ശ്രമംനടക്കുന്നുണ്ട്.അഞ്ച് ശതമാനം നികുതിയുള്ളവയെ ഏഴോ എട്ടോ ശതമാനത്തിൽ ഉൾപ്പെടുത്തുന്നതുസംബന്ധിച്ച ചർച്ചകളാണ് നടക്കുന്നത്.

നിലവിൽ അവശ്യവസ്തുക്കൾക്ക് നികുതി ഒഴിവാക്കുകയോ അഞ്ചുശതമാനമെന്ന കുറഞ്ഞ നികുതി സ്ലാബിൽ ഉൾപ്പെടുത്തുകയോ ആണ് ചെയ്തിട്ടുള്ളത്. ആഡംബര വസ്തുക്കൾക്കാണ് ഉയർന്ന നികുതി ഈടാക്കുന്നത്.

പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളിൽ ചിലവയുടെ നികുതി അഞ്ച് ശതമാനത്തിൽ വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു ശതമാനം നികുതി വർധിപ്പിച്ചാൽ പ്രതിവർഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

നിരക്കുകൾ യുക്തിസഹമാക്കുന്നതിനും നികുതി ഘടനയിലെ അപാകങ്ങൾ പരിഹരിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള വഴികൾ നിർദേശിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു.

അടുത്തമാസം ആദ്യത്തിൽ സമിതി ശുപർശകൾ സമർപ്പിച്ചേക്കും.ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷത്തിനുമപ്പുറം തുടരില്ലെന്ന് കേന്ദ്ര വ്യക്തമാക്കിയതോടെ ഉയർന്ന നികുതി ചുമത്തുകമാത്രമാണ് ജിഎസ്ടി കൗൺസിലിന് മുന്നിലുള്ള ഏകവഴി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38079/the-tax-may-be-raised-from-five-per-cent)