---
title: "നേപ്പാളിന് കേരളത്തിന്റെ കൈത്താങ്ങ്; കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ ടീം ദുരന്തഭൂമിയിലെത്തി"
english_title: "Kerala Rescue Team Reaches Nepal Flood Disaster Relief Kozhikode Ranjith Israel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380869/kerala-rescue-team-nepal-flood-relief-kozhikode-ranjith-israel"
published_at: "2026-09-02T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97f3b75da9a_1000232055.jpg"
keywords: ["Nepal Flood", "Kerala Rescue Team", "Kozhikode Rescue", "Nepal Disaster Relief"]
---

# നേപ്പാളിന് കേരളത്തിന്റെ കൈത്താങ്ങ്; കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ ടീം ദുരന്തഭൂമിയിലെത്തി

> **Lead Summary:** **കാഠ്മണ്ഡു: **നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവർത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള റസ്ക്യൂ ടീമാണ് കാഠ്മണ്ഡുവിൽ സ്വമേധയാ എത്തിയത്. സൈന്യത്തിന് ഒപ്പം ചേരാനുള്ള അനുമതി സംഘം തേടി.

## Article Content

**കാഠ്മണ്ഡു: **നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവർത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള റസ്ക്യൂ ടീമാണ് കാഠ്മണ്ഡുവിൽ സ്വമേധയാ എത്തിയത്. സൈന്യത്തിന് ഒപ്പം ചേരാനുള്ള അനുമതി സംഘം തേടി.

നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത രഞ്ജിത്ത് ഇസ്രയേലും സംഘത്തിലുണ്ട്. നേപ്പാളിലെ വാർത്തകൾ കണ്ട് രക്ഷാപ്രവർത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചാണ് കൂരാചുണ്ടിൽ നിന്നുള്ള നാല് പേർ എത്തിയത്.

രഞ്ജിത്ത് ഇസ്രയേലിനെ കൂടാതെ ബിജു, സാദിഖ്, റിനോജ് എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് ദിവസം മുൻപാണ് കാഠ്മണ്ഡുവിലെത്തിയതെന്ന് രഞ്ജിത്ത് പറഞ്ഞു. ഇന്ത്യൻ എംബസിയുമായി അടക്കം ബന്ധപ്പെട്ടെന്നും രക്ഷാപ്രവർത്തനത്തിനുള്ള അനുമതി തേടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ടണൽ ഓപ്പറേറ്റേഴ്സിനെ നേപ്പാൾ നിലവിൽ ക്ഷണിക്കുന്നുണ്ട്. 11 ഇന്ത്യൻ ആർമി അംഗങ്ങൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇവരോടൊപ്പം ചേരാനും അല്ലാതെ സ്വതന്ത്രമായി രക്ഷാപ്രവർത്തനം നടത്താനും അനുമതി തേടിയിട്ടുണ്ട്.

അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ കാണാതായ ഏഴ് മലയാളികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന മലപ്പുറം പൊന്നാനി സ്വദേശി ശ്രീധരൻ അയ്യരുടെ കുടുംബത്തെയും കൊല്ലം പറവൂർ സ്വദേശി സുനന്ദയെയും ആണ് എട്ട് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത്.

മാനസരോവർ കൈലാസ തീർത്ഥാടനത്തിന് എത്തിയ ഏഴ് മലയാളികളാണ് നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടത്. ടിബറ്റൻ മേഖലയോട് ചേർന്ന റിസ്വയിലായിരുന്നു അവസാന ലൊക്കേഷൻ. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ എട്ടാം ദിവസവും നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380869/kerala-rescue-team-nepal-flood-relief-kozhikode-ranjith-israel)