---
title: "സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം കെഎസ്ഇബി ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയേക്കും"
english_title: "KSEB Power Cut Today: Kerala Likely to Face Partial Power Outage Between 7 PM and 12 AM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380929/kseb-power-cut-today-kerala-likely-to-face-partial-power-outage-between-7-pm-and-12-am"
published_at: "2026-09-03T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98fda9f0455_download_(23).jpeg"
keywords: ["thiruvanathapuram", "kseb"]
---

# സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം കെഎസ്ഇബി ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയേക്കും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും വൈകുന്നേരങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. വൈദ്യുതി പീക്ക് അവറുകളിൽ ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും വൈകുന്നേരങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. വൈദ്യുതി പീക്ക് അവറുകളിൽ ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.

വൈകിട്ട് 7:00 മണി മുതൽ രാത്രി 12:00 മണി വരെയുള്ള സമയത്തായിരിക്കും വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുക. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ ദൈർഘ്യമുള്ള വൈദ്യുതി നിയന്ത്രണത്തിനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്.

കഴിഞ്ഞ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടിരുന്നു. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്നത് ഗ്രിഡിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് കെഎസ്ഇബി ഇത്തരം നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.

അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും, വൈകുന്നേരങ്ങളിലെ ഉയർന്ന ഉപയോഗം കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ആവശ്യമായ അധിക വൈദ്യുതി പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമങ്ങളും ബോർഡ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380929/kseb-power-cut-today-kerala-likely-to-face-partial-power-outage-between-7-pm-and-12-am)