---
title: "സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകൾ; പഠന സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറി"
english_title: "Kerala Private Bus Industry: Expert Committee Submits Recommendations to Govt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380945/kerala-private-bus-industry-expert-committee-submits-recommendations-to-govt"
published_at: "2026-09-03T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a990f4fa9aa1_images.jpeg"
keywords: ["thiruvananthapuram", "priyadershini"]
---

# സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകൾ; പഠന സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് രൂക്ഷമായ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിനു കൈമാറി. ബസുകളുടെ കാലാവധി നിലവിലെ 22 വർഷത്തിൽ നിന്ന് 25 വർഷമായി ഉയർത്തുക, സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ ഉടമകൾക്ക് അവസരം നൽകുക എന്നിവയാണ് സമിതി മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് രൂക്ഷമായ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിനു കൈമാറി. ബസുകളുടെ കാലാവധി നിലവിലെ 22 വർഷത്തിൽ നിന്ന് 25 വർഷമായി ഉയർത്തുക, സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ ഉടമകൾക്ക് അവസരം നൽകുക എന്നിവയാണ് സമിതി മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.

എംഎസ്എംഇ (MSME) പരിഗണന നൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ എളുപ്പത്തിൽ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ കഴിയുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് (Wet Lease) വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

കിലോമീറ്റർ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇത് നടപ്പിലാക്കുക. രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസുകൾ ക്രമീകരിക്കുക, കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കേരള മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണം.

നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ തന്നെ പ്രതിമാസം വാഹന നികുതി അടയ്ക്കാൻ സൗകര്യമൊരുക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. 'യാത്ര ഫ്യുവൽസ്' പമ്പുകളിൽ നിന്ന് ഡീലർ നിരക്കിൽ സ്വകാര്യ ബസുകൾക്ക് ഇന്ധനം ലഭ്യമാക്കുക, അവധി ദിവസങ്ങളിലെ പ്രത്യേക പെർമിറ്റുകൾ ഓൺലൈൻ വഴി വേഗത്തിൽ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.

സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി നൽകണമെന്നും, ഓരോ പരസ്യത്തിനും പ്രത്യേകം ഫീസ് ഈടാക്കുന്നതിന് പകരം പ്രതിവർഷം ഒറ്റത്തവണയായി മിതമായ തുക ഈടാക്കുന്നത് പരിഗണിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി സ്വകാര്യ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണം. പ്രിയദർശിനി സർവീസുകൾ നടക്കുന്ന റൂട്ടുകളിൽ സമയക്രമം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ഏകോപന സമിതികൾ രൂപീകരിക്കണം.

ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകളുടെ ആവശ്യം തൊഴിൽ വകുപ്പിന്റെ പരിഗണനയ്ക്ക് വിടാനും സമിതി നിർദേശിച്ചു. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സമിതി, ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380945/kerala-private-bus-industry-expert-committee-submits-recommendations-to-govt)