---
title: "പറശ്ശിനിക്കടവ് ജലാൽ വധക്കേസ്: 14 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി 'ഓപ്പറേഷൻ ഗ്രിപ്പിലൂടെ' പിടിയിൽ"
english_title: "Parassinikadavu Murder Case: Absconding Accused Arrested After 14 Years in Kasaragod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380961/parassinikadavu-murder-case-absconding-accused-arrested-after-14-years-in-kasaragod"
published_at: "2026-09-03T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99210ee2434_WhatsApp_Image_2026-09-03_at_12.31.57_PM.jpeg"
keywords: ["Kannur News", "Operation Grip", "Kerala Police", "Parassinikadavu Murder Case", "Kasaragod News"]
---

# പറശ്ശിനിക്കടവ് ജലാൽ വധക്കേസ്: 14 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി 'ഓപ്പറേഷൻ ഗ്രിപ്പിലൂടെ' പിടിയിൽ

> **Lead Summary:** **കണ്ണൂർ**: 2010-ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. വാഴയിൽ മുഹമ്മദ് അലി യെയാണ് കാസർഗോഡ് ഉപ്പളയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ**: 2010-ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. വാഴയിൽ മുഹമ്മദ് അലി യെയാണ് കാസർഗോഡ് ഉപ്പളയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2010 സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാങ്കടവ് സ്വദേശിയായ മൊയ്തുവിന്റെ മക്കളായ ജലാലിനെയും ജ്യേഷ്ഠൻ ഷംസീറിനെയും സഹോദരീഭർത്താവായ മുഹമ്മദ് അലി സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരണപ്പെടുകയും ഷംസീറിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വളപട്ടണം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഒളിവിൽ പോയ ശേഷം സ്വന്തം കുടുംബവുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവും പുലർത്താതെ ഉപ്പളയിൽ മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വരികയായിരുന്നു ഇയാൾ. ഫുട്പാത്ത് കച്ചവടക്കാരനായും പാചകത്തൊഴിലാളിയായും ജോലി ചെയ്താണ് മുഹമ്മദ് അലി കഴിഞ്ഞിരുന്നത്.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരവും നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഗ്രിപ്പ്' പദ്ധതിയുടെ ഭാഗമായി മാസങ്ങൾ നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. നാർക്കോട്ടിക് സെൽ എ.സി.പി വി.വി. മനോജ്, കണ്ണൂർ ടൗൺ എ.സി.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാസർഗോഡ് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വർഷങ്ങളായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി കണ്ണൂർ സിറ്റി പോലീസ് നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയാണ് 'ഓപ്പറേഷൻ ഗ്രിപ്പ്'. ഇതിനോടകം തന്നെ പാനൂർ സ്റ്റേഷനിലെ കൊലപാതക കേസ് പ്രതി അഷ്‌റഫ്, കണ്ണൂർ ടൗൺ ഇരട്ടക്കൊലപാതക കേസ് പ്രതി രാഗേഷ്, കെ.എസ്.ആർ.ടി.സി കോംപ്ലക്സ് വധക്കേസ് പ്രതി അബ്ദുള്ള എന്നിവരെ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ പദ്ധതിയിലൂടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് അലിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380961/parassinikadavu-murder-case-absconding-accused-arrested-after-14-years-in-kasaragod)