---
title: "ജിഎസ്എൽവി എഫ് 17 വിക്ഷേപണം വിജയം; അഭിമാനകരമായ നേട്ടവുമായി ഐഎസ്ആർഒ"
english_title: "ISRO Successfully Launches GSLV F17 EOS 05 Satellite Sriharikota"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381071/isro-successfully-launches-gslv-f17-eos-05-satellite-sriharikota"
published_at: "2026-09-04T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a56a2aa899_WhatsApp_Image_2026-09-04_at_10.51.38_AM.jpeg"
keywords: ["ISRO GSLV F17", "GSLV Launch Sriharikota", "EOS 05 Satellite", "Geo Imaging Satellite"]
---

# ജിഎസ്എൽവി എഫ് 17 വിക്ഷേപണം വിജയം; അഭിമാനകരമായ നേട്ടവുമായി ഐഎസ്ആർഒ

> **Lead Summary:** **ശ്രീഹരിക്കോട്ട**: ചരിത്രപരമായ നേട്ടത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജിഎസ്എൽവി എഫ് 17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

## Article Content

**ശ്രീഹരിക്കോട്ട**: ചരിത്രപരമായ നേട്ടത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജിഎസ്എൽവി എഫ് 17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

ജിഎസ്എൽവി പരമ്പരയിലെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒ തങ്ങളുടെ നിർണായകമായ ഈ റോക്കറ്റ് വിക്ഷേപണം പൂർത്തിയാക്കിയത്. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55-നായിരുന്നു വിക്ഷേപണ ചടങ്ങുകൾ നടന്നത്.

അത്യാധുനിക സാങ്കേതികവിദ്യകളോടെ നിർമ്മിച്ച ഇഒഎസ്-05 (EOS-05) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ വിക്ഷേപിച്ചത്. രാജ്യ സുരക്ഷ, പ്രതിരോധ മേഖല, ദുരന്ത നിവാരണം തുടങ്ങിയ നിർണായക ആവശ്യങ്ങൾക്ക് ഈ ഉപഗ്രഹം മുതൽക്കൂട്ടാകും.

ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കൃത്യമായി നിരീക്ഷിക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. 2021 ആഗസ്റ്റിൽ നടന്ന ജിഎസ്എൽവി എഫ് 10 ദൗത്യത്തിന്റെ പരാജയത്തെ തുടർന്ന്, അതിനു പകരമായി അത്യാധുനിക സവിശേഷതകളോടെ നിർമ്മിച്ചതാണ് ഈ പുതിയ പേടകം.

കഴിഞ്ഞ ജനുവരിയിൽ നടന്ന പിഎസ്എൽവി സി-62 ദൗത്യം പരാജയപ്പെട്ടതിനെ തുടർന്ന് ഐഎസ്ആർഒയുടെ മറ്റ് പദ്ധതികളെല്ലാം താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. അതിനു ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്. ഇരുപത്തിയേഴര മണിക്കൂർ നീണ്ടുനിന്ന കൗണ്ട് ഡൗണിനൊടുവിലാണ് റോക്കറ്റ് കുതിച്ചുയർന്നത്.

2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് നേരിട്ട് എത്തിക്കാൻ ജിഎസ്എൽവിക്ക് സാധിക്കില്ലാത്തതിനാൽ, നിശ്ചിത ഭ്രമണപഥത്തിന് അല്പം താഴെ വെച്ച് റോക്കറ്റും ഉപഗ്രഹവും വേർപ്പെടുകയായിരുന്നു. ബാക്കി ദൂരം ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തുക. തടസ്സങ്ങളെല്ലാം മറികടന്ന് വലിയൊരു തിരിച്ചുവരവാണ് ഈ നേട്ടത്തിലൂടെ ഐഎസ്ആർഒ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381071/isro-successfully-launches-gslv-f17-eos-05-satellite-sriharikota)