---
title: "കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു"
english_title: "Kottayam Medical College Needle Found In Baby Body Inquiry Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381205/kottayam-medical-college-needle-found-in-baby-body-inquiry-commission"
published_at: "2026-09-05T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bae963ae30_images_(1).jpeg"
keywords: ["Kottayam Medical College", "Needle found in baby", "Kerala Medical Negligence", "Kottayam News"]
---

# കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

> **Lead Summary:** **കോട്ടയം**: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറിക് പോൾ ചെയർമാനായുള്ള സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

## Article Content

**കോട്ടയം**: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറിക് പോൾ ചെയർമാനായുള്ള സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ഗുരുതര ആക്ഷേപങ്ങളും വീഴ്ചകളും സമിതി വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് പ്രസവം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഓപ്പറേഷനിലൂടെ സൂചി കണ്ടെത്തി പുറത്തെടുത്തത്. 2025 ജൂൺ 24-നായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അഞ്ജുവിന്റെ പ്രസവം നടന്നത്. ജനിച്ചയുടൻ കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് (NICU) മാറ്റിയിരുന്നു.

ഇവിടെ വെച്ച് നൽകിയ ചികിത്സയിലോ പ്രസവസമയത്തോ സംഭവിച്ച വീഴ്ചയാകാം കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന പരാതിയിൽ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381205/kottayam-medical-college-needle-found-in-baby-body-inquiry-commission)