---
title: "തവിടുപൊടിയായി കാർ, ഒരു ജീവൻ പോലും അവശേഷിച്ചില്ല; അനാസ്ഥയിൽ പൊലിഞ്ഞത് എട്ട് പേർ"
english_title: "8 Dead In Thrissur Kaipamangalam NH Accident Car Hits Lorry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381228/8-dead-thrissur-kaipamangalam-nh-accident-car-hits-lorry"
published_at: "2026-09-05T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bd6b149c09_1000232835.jpg"
keywords: ["Thrissur Accident", "8 Students Dead", "Kerala Road Accident"]
---

# തവിടുപൊടിയായി കാർ, ഒരു ജീവൻ പോലും അവശേഷിച്ചില്ല; അനാസ്ഥയിൽ പൊലിഞ്ഞത് എട്ട് പേർ

> **Lead Summary:** **തൃശ്ശൂർ: **കയ്പമംഗലം ദേശീയപാതയിൽ കോളേജ് വിദ്യാർത്ഥികളടക്കം എട്ടുപേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം അമിതവേഗതയും അപകടകരമായ അനധികൃത പാർക്കിങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് .

## Article Content

**തൃശ്ശൂർ: **കയ്പമംഗലം ദേശീയപാതയിൽ കോളേജ് വിദ്യാർത്ഥികളടക്കം എട്ടുപേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം അമിതവേഗതയും അപകടകരമായ അനധികൃത പാർക്കിങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് .

ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് എംവിഡി പ്രാഥമികമായി വിലയിരുത്തുന്നു. വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയതാണ് പ്രധാന കാരണമെന്ന് മന്ത്രി ഒ ആർ കേളുവും വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെ 12 മണിക്ക് കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഉള്ളിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന സ്ട്രൈറ്റ് റോഡിൽ നല്ല വേഗതയിലാണ് കാർ വന്നിരുന്നത്. റോഡ് നിർമ്മാണവുമായി ബന്ധമില്ലാത്ത ഈ ചരക്കുലോറിയും മറ്റ് രണ്ട് ലോറികളും ഏറെ നേരമായി ഇവിടെ അനധികൃതമായി പാർക്ക് ചെയ്തിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ലോറി പാർക്ക് ചെയ്തതിന് യാതൊരുവിധ സൂചനകളും ഉണ്ടായിരുന്നില്ല.

ഭീകരമായ ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. ആറുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബാക്കി രണ്ടുപേരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണർത്തിയത്. പിന്നീട് ഇയാൾ വണ്ടി അവിടെ നിന്ന് മാറ്റി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

അപകടത്തിൽ മരിച്ച ആറുപേരെ തിരിച്ചറിഞ്ഞു. മധുര മേലൂർ സതീവപുരം സ്വദേശി സന്തോഷ് ജി (20), മധുര വിരഗനൂർ സ്വദേശി പ്രസന്ന ആർ (20), സേലം സ്വദേശി വിശ്വ വി (20), ഡിണ്ടിക്കൽ അടിയനൂത്ത് സ്വദേശി സൂര്യ ഐ (20), ഒറ്റഛത്രം സ്വദേശി യുവസഞ്ജിത് കെ (21), ഡിണ്ടിക്കൽ സ്വദേശി ജോഷ്വ (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരെ കൂടി തിരിച്ചറിയാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381228/8-dead-thrissur-kaipamangalam-nh-accident-car-hits-lorry)