---
title: "പോപ്‌കോണിനും കുടിവെള്ളത്തിനും അമിതവില; കൊച്ചിയിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന"
english_title: "Overprice For Popcorn Water In Theatres Inspection In Kochi Mall Multiplexes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381237/overprice-popcorn-water-kochi-multiplex-inspection-legal-metrology"
published_at: "2026-09-05T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9be2b7e0d8d_1000232860.jpg"
keywords: ["Kochi Multiplex Inspection", "Theatre Food Overprice", "Legal Metrology Kerala", "Popcorn Price"]
---

# പോപ്‌കോണിനും കുടിവെള്ളത്തിനും അമിതവില; കൊച്ചിയിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന

> **Lead Summary:** **കൊച്ചി: **തിയറ്ററുകളിൽ പോപ്‌കോൺ, കുടിവെള്ളം അടക്കമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിൽ പരിശോധന.

## Article Content

**കൊച്ചി: **തിയറ്ററുകളിൽ പോപ്‌കോൺ, കുടിവെള്ളം അടക്കമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിൽ പരിശോധന.

മാളുകളിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫറ്റീരിയയിലാണ് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. സാധനങ്ങളുടെ വിലയും തൂക്കവുമാണ് സംഘം പരിശോധിക്കുന്നത്.

സിനിമ കാണാനെത്തുന്ന പ്രേക്ഷകരിൽ നിന്ന് പോപ്കോൺ, ശീതളപാനീയങ്ങൾ, കുപ്പിവെള്ളം, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് സാധാരണ വിപണിവിലയെക്കാൾ ഉയർന്ന തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന. തിയറ്ററുകളിലെ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ വ്യക്തമായ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പിവെള്ളം ഉൾപ്പെടെയുള്ള സാധനങ്ങൾ തിയറ്ററുകൾക്കുള്ളിൽ അനുവദിക്കാത്തതിനെതിരെയും വിമർശനം ശക്തമായിരുന്നു. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങളിൽ അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്ന അഭിപ്രായവും ഉയർന്നിരുന്നു.

ടിക്കറ്റ് നിരക്കിന് പുറമെ ഭക്ഷണത്തിനും പാനീയങ്ങൾക്കും വലിയ തുക ചെലവഴിക്കേണ്ടിവരുന്നത് കുടുംബസമേതം സിനിമ കാണാനെത്തുന്നവരെ ബാധിക്കുന്നുവെന്നും പരാതിയുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തിയറ്റർ നടത്തിപ്പുകാരുടെ നിയമപരമായ പരിമിതികളും പരിഗണിച്ചുള്ള ഇടപെടലുകളാണ് സർക്കാർ പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381237/overprice-popcorn-water-kochi-multiplex-inspection-legal-metrology)