---
title: "ഖത്തർ ലോകകപ്പിൻ്റെ ഔദ്യോഗിക പന്തായ അൽ റിഹ് ല കേരളത്തിലെത്തിച്ചിരിക്കുന്നു കണ്ണൂർ  സ്വദേശി സി.പി സജി"
english_title: "Al-Rihla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38126/Al-Rihla"
published_at: "2022-04-18T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d39f3a0a73_Picsart_22-04-18_15-43-35-900.jpg"
keywords: []
---

# ഖത്തർ ലോകകപ്പിൻ്റെ ഔദ്യോഗിക പന്തായ അൽ റിഹ് ല കേരളത്തിലെത്തിച്ചിരിക്കുന്നു കണ്ണൂർ  സ്വദേശി സി.പി സജി

> **Lead Summary:** ഖത്തർ ലോകകപ്പിൻ്റെ ഔദ്യോഗിക പന്തായ അൽ റിഹ് ല കേരളത്തിലെത്തിച്ചിരിക്കുകയാണ് കണ്ണൂർ പെരിങ്ങോം സ്വദേശിയ സി.പി സജി. ഖത്തർ ലോകകപ്പിൻ്റെ 8 മൈതാനങ്ങളിലും ആവേശത്തിന് തീ പടർത്തി കിക്കോഫ് കുറിക്കാനൊരുങ്ങുന്ന പന്ത് കാണാൻ നിരവധി ഫുട്ബോൾ പ്രേമികളാണ് സജിയുടെ വീട്ടിലെത്തുന്നത്.

## Article Content

ഖത്തർ ലോകകപ്പിൻ്റെ ഔദ്യോഗിക പന്തായ അൽ റിഹ് ല കേരളത്തിലെത്തിച്ചിരിക്കുകയാണ് കണ്ണൂർ പെരിങ്ങോം സ്വദേശിയ സി.പി സജി. ഖത്തർ ലോകകപ്പിൻ്റെ 8 മൈതാനങ്ങളിലും ആവേശത്തിന് തീ പടർത്തി കിക്കോഫ് കുറിക്കാനൊരുങ്ങുന്ന പന്ത് കാണാൻ നിരവധി ഫുട്ബോൾ പ്രേമികളാണ് സജിയുടെ വീട്ടിലെത്തുന്നത്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന പ്രത്യേകത കൂടിയാണ് അഡിഡാസ് അൽ ഹില് പന്ത് പുറത്തിറക്കിയത്. ഏഴു മാസം കഴിഞ്ഞാൽ ഖത്തർ ലോകകപ്പ് മൈതാനങ്ങളിൽ ആവേശം പകരാനുള്ള അൽ റിഹ്ല പന്ത് മാസങ്ങൾക്ക് മുമ്പേ നാട്ടിലെത്തിച്ച ആഘോഷത്തിലാണ് - ഫുട്ബോൾ ആരാധകർ.

സഞ്ചാരം,യാത്ര എന്നൊക്കെയാണ് അൽ റിഹ്ല എന്ന വാക്കിൻറെ അർത്ഥം. ഫുട്ബോളിനോടുള്ള താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് ഫുട്ബോൾ പ്രേമികൾ ഉൾപ്പെടെയുള്ള കളി ആസ്വാദകർക്ക് പന്ത് നേരിൽ കാണാനുള്ള അവസരം ഒരുക്കുന്നതിനായി പെരിങ്ങോം സ്വദേശിയായ സജി പന്ത് നാട്ടിലെത്തിച്ചത്.

620 ഖത്തർ റിയാൽ വിലയിൽ വാങ്ങിയ പന്തിൻ്റെ കേരളത്തിലെ മൂല്യം പതിമൂന്നായിരം രൂപയാണ്. കഴിഞ്ഞ ഏഴ് വർഷമായി ഖത്തർ ബിൽഡിങ് കമ്പനിയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് സീനിയർ സ്റ്റാഫ് ആയി ജോലി ചെയ്യുന്ന സജിയുടെ സ്വപ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് ലോകകപ്പ് നേരിട്ട് കാണണമെന്ന്.

അതുകൊണ്ടുതന്നെ സെമി ഫൈനൽ അടക്കമുള്ള കളി കാണാനായി നാലോളം ടിക്കറ്റുകളും സജി സ്വന്തമാക്കിയിട്ടുണ്ട്. തികഞ്ഞ ഫുട്ബോൾ പ്രേമിയും കേരള ഫോറസ്റ്റ് ടീം അംഗവുമായ അന്തരിച്ച എ.ടി.വി ദാമോദരൻ എന്ന തന്റെ  പിതാവിൽനിന്നും ആണ് ഫുട്ബോൾ എന്ന ലഹരി സജിയിലേക്കും എത്തിച്ചേർന്നത്.

അച്ഛൻറെ സ്മരണയ്ക്കായി കാൽപന്ത് വീട്ടിൽ സൂക്ഷിക്കാൻ ആണ് സജിയുടെ താല്പര്യം. തുടർച്ചയായി പതിനാലാമത്തെ തവണയാണ് അഡിഡാസ് ലോകകപ്പ് പന്തിൻ്റെ ഔദ്യോഗിക നിർമാതാക്കൾ ആകുന്നത്.

ഖത്തറിൻ്റെ പൈതൃകവും സംസ്കാരവും ദേശീയപതാകയുടെ നിറവുമെല്ലാം പന്ത് രൂപകല്പനയിൽ സ്വാധീനിച്ചിട്ടുണ്ട്. ഭാര്യ പ്രജിതയും മക്കൾ ശ്രീധിലും, ശ്രീയയും പന്ത് നേരിൽ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ്.

ലോകകപ്പ് തൻറെ നാട്ടുകാരെ കാണിക്കാൻ കഴിഞ്ഞതിലുള്ള ആത്മനിർവൃതിയിൽ ആണ് സജി ലോകകപ്പ് കാണാനുള്ള ആവേശത്തിൽ തിരിച്ചു ഖത്തറിലേക്ക് പോകാൻ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38126/Al-Rihla)