---
title: "ആര് എതിർത്താലും ശരീഅത്ത് പറഞ്ഞുകൊണ്ടേയിരിക്കും, നിലപാടിൽ മാറ്റമില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ"
english_title: "Will Continue To Speak Shariat No Change In Stand Says Kanthapuram AP Aboobacker Musliyar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381363/kanthapuram-ap-aboobacker-musliyar-shariat-remark-no-change-stand"
published_at: "2026-09-06T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d2d2f9a081_1000233010.jpg"
keywords: ["Kanthapuram AP Aboobacker Musliyar", "Shariat Conference", "Samastha"]
---

# ആര് എതിർത്താലും ശരീഅത്ത് പറഞ്ഞുകൊണ്ടേയിരിക്കും, നിലപാടിൽ മാറ്റമില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

> **Lead Summary:** **തിരുവനന്തപുരം : **വിവാദ പ്രസ്താവനയിലെ വിമർശനങ്ങളോട് പ്രതികരിക്കാതെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം സംഘടനകളിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നടക്കമുള്ള വിമർശനങ്ങളിലും മറുപടിയില്ല. ആര് എതിർത്താലും അള്ളാഹുവിന്റെ ശരീഅത്ത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും നിലപാടിൽ മാറ്റം ഇല്ലെന്നും കാന്തപുരം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം : **വിവാദ പ്രസ്താവനയിലെ വിമർശനങ്ങളോട് പ്രതികരിക്കാതെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം സംഘടനകളിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നടക്കമുള്ള വിമർശനങ്ങളിലും മറുപടിയില്ല. ആര് എതിർത്താലും അള്ളാഹുവിന്റെ ശരീഅത്ത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും നിലപാടിൽ മാറ്റം ഇല്ലെന്നും കാന്തപുരം വ്യക്തമാക്കി.

അല്ലാഹുവിന്റെ ശരീഅത്ത് പറഞ്ഞു കൊണ്ടേ ഇരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും. ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും. പ്രവാചകൻ കാണിച്ചു തന്നത് പറഞ്ഞു കൊണ്ടിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.

അതേസമയം പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കേരളത്തിൽ വലിയ വിവാദമായതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വെള്ളിയാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു.

ആശയങ്ങൾ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളായിരിക്കണം ചർച്ചകളെന്നും അനുയായികളോട് സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 26ന് ഈദുൽ മിലാദ് ആഘോഷിച്ചതിന് പിന്നാലെയാണ് കാന്തപുരം നേതൃത്വം നൽകുന്ന സുന്നി പണ്ഡിതരുടെയും മതപണ്ഡിതരുടെയും ശക്തമായ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള പള്ളി കമ്മിറ്റികൾക്ക് നിർദേശം നൽകിയത്.

ഇസ്ലാമിക ആഘോഷങ്ങൾ മതത്തിന്റെ പരിധികൾ ലംഘിക്കരുതെന്നും പള്ളികൾ, മദ്റസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നാണ് വിവരം.

ബന്ധുക്കളല്ലാത്ത പുരുഷന്മാരുടെ സാന്നിധ്യത്തിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിലും വേദികളിലും പ്രദർശിപ്പിക്കുന്നതും ഇസ്ലാമികമല്ലാത്ത ആഘോഷരീതികളും വിശ്വാസികൾക്ക് യോജിച്ചതല്ല, അഭികാമ്യവുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയായി പുറത്തുവന്നത്. പിന്നീട് ഒരു പൊതുപരിപാടിയിലും കാന്തപുരം ഇതേ നിലപാട് ആവർത്തിച്ചിരുന്നു.

ഖുർആൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നാണ്. സ്ത്രീകൾ ഈ രീതിയിൽ പൊതുരംഗത്തേക്ക് പ്രവേശിച്ചാൽ വലിയ നാശമുണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനാലാണ് പർദ സമ്പ്രദായം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381363/kanthapuram-ap-aboobacker-musliyar-shariat-remark-no-change-stand)