---
title: "സംസ്ഥാനത്ത് താപനിലയും അൾട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ്"
english_title: "Kerala Heatwave Alert Temperature UV Index Rises IMD Issues 3 Day Warning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381373/kerala-temperature-uv-index-rise-3-day-alert-imd-warning"
published_at: "2026-09-06T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d3c9d90ea4_1000233032.jpg"
keywords: ["Kerala Temperature", "Kerala Weather Alert", "IMD Warning"]
---

# സംസ്ഥാനത്ത് താപനിലയും അൾട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം : **മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്നിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം : **മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്നിട്ടുണ്ട്.

പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുനലൂരിലെ താപനില. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്ന നിലയിലാണ്. യുവി ഇൻഡക്സ് ഏഴ് മുതൽ എട്ട് വരെയായി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്.

കേരളത്തിൽ ഇന്ന് (06/09/2026) മുതൽ (08/09/2026) വരെ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക, പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക.

പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381373/kerala-temperature-uv-index-rise-3-day-alert-imd-warning)